ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ജീവിതത്തിരക്കിനിടയിൽ പലപ്പോഴും ആരോഗ്യസംരക്ഷണത്തിൻറെ കാര്യത്തിൽ പലർക്കും വേണ്ടത്ര ശ്രദ്ധ നൽകാൻ പറ്റാറില്ല. അത്തരത്തിൽ ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾ ‘സൈലന്റ് കില്ലേഴ്സ്’ ആകാനും സാധ്യത ഏറെയാണ്. നിശബ്ദമായി നമ്മുടെ ജീവന് തന്നെ ഭീഷണയാകുന്ന ചില രോഗങ്ങളെ തിരിച്ചറിയാം.
ചീത്ത കൊളസ്ട്രോൾ
ചീത്ത കൊളസ്‌ട്രോൾ അധികമാകുമ്പോൾ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാം. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാർട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും.
ഉയർന്ന രക്തസമ്മർദ്ദം
രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ( ബിപി) എന്ന് പറയുന്നത് . രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.
പ്രമേഹം
ജീവിതശൈലീരോഗങ്ങളിൽ ഏറ്റവും സാധാരണമായി നാം കണക്കാക്കുന്ന ഒന്നാണ് പ്രമേഹം. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണം. പ്രമേഹ രോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ നൽകണം.
ഫാറ്റി ലിവർ രോഗം
കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവർ ഡിസീസ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നാണ് പറയുന്നത്. മോശം ഭക്ഷണശീലം കൊണ്ട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഫാറ്റി ലിവർ സാധ്യതയെ തടയാൻ പ്രോസസിഡ് ഭക്ഷണങ്ങൾ, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തുടങ്ങിയവ പരമാവധി ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.