വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കേന്ദ്രത്തില്‍ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെഎസ്ഇബി. ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ച് അവിടങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയോടുകൂടി തന്നെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും നാല് കിലോ മീറ്റര്‍ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഏകദേശം മൂന്നര കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 KV) ലൈനുകളും 8 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായും തകര്‍ന്നു. രണ്ട് ട്രാന്‍സ്‌ഫോമറുകള്‍ കാണാതാവുകയും 6 ട്രാന്‍സ്‌ഫോമറുകള്‍ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സര്‍വീസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
പ്രാഥമിക ജോലികള്‍ നിര്‍വഹിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും സബ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളെ വാഹനങ്ങള്‍ സഹിതം സ്ഥലത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാന്‍സ്‌ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. വെള്ളം കയറിയതിനാല്‍ കല്‍പ്പറ്റ 33 കെവി സബ്‌സ്റ്റേഷന്‍ നിന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ഇപ്പോള്‍ പുനഃസ്ഥാപിച്ചു.
കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്. ദുരന്തഭൂമിയോട് ചേര്‍ന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യതി പുനഃസ്ഥാപന ശ്രമങ്ങള്‍ തുടങ്ങാന്‍ സാധിച്ചിട്ടില്ല.