മലയാള സിനിമയിലെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ. നാല്പത്തിയൊന്നാം പിറന്നാളിൽ നാൽപതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തിൽ ഒരു വ്യാഴവട്ടം പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ. ഇതിനോടകം തന്നെ താരം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2012-ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് ദുൽഖറിൻറെ പ്രവേശനം.
നിലവിൽ താരം കുടുംബത്തിനൊപ്പം യാത്രയിലാണ്. ലോകമെമ്പാടുമുള്ള ആരാധകർ ആശംസകൾ അർപ്പിച്ചതിന് പിന്നാലെ ഇപ്പോൾ താരത്തിന് ആശംസ നേർന്ന് ശ്രീലങ്കൻ എയർലൈൻസും രംഗത്ത് എത്തി. ‘നിങ്ങൾ ചെന്നൈയിൽ നിന്ന് കൊളംബോ വഴി മാലിദ്വീപിലേക്ക് പറക്കുമ്പോൾ നിങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് ശ്രീലങ്കൻ എയർലൈൻ കുറിച്ചിരിക്കുന്നത്. ദുൽഖറിനൊപ്പം ഭാര്യ അമാലും മകൾ മറിയമും ഉണ്ട്.
മകളെ മടിയിൽ ഇരുത്തി ദുൽഖർ കേക്ക് മുറിക്കുന്നതും ചിത്രത്തിൽ കാണാം. സിനിമയിൽ അരങ്ങേറി 12 വർഷങ്ങൾ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം തന്നെ സിനിമ മേഖലയിൽ തന്റേതായ ശൈലി കൊണ്ടും, ഒരുപിടി നല്ല ചിത്രങ്ങളാലും തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്.