തുടക്കത്തില്‍ തന്നെ ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച വര്‍ഷമായിരുന്നു 2024. അതായത് നാല് മാസം കൊണ്ട് ആയിരം കോടിയിലേറെ ബിസിനസ് സ്വന്തമാക്കിയ മലയാള സിനിമയ്ക്ക് ഇടയ്ക്ക് ഒന്ന് കാലിടറിയെങ്കിലും ഓണം റിലീസായി എത്തിയ സിനിമകള്‍ ആ മുന്‍വിധികളെ മാറ്റിമറിച്ചുള്ള പ്രകടനമാണ് ഓരോ ദിവസവും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ തന്നെ എടുത്തു പറയേണ്ടത് അജയന്‍റെ രണ്ടാം മോഷണവും, ആസിഫലിയുടെ കിഷ്‍കിന്ധാ കാണ്ഡവും ആണ്. ഇരു ചിത്രങ്ങളും മികച്ച പ്രകടനമാണ് തിയറ്ററുകളില്‍ കാഴ്ചവയ്ക്കുന്നത്.
ആസിഫ് അലി നായകനായി എത്തിയ കിഷ്‍കിന്ധാ കാണ്ഡത്തിന്‍റെ ബോക്സ് ഓഫീസ് വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്ക് പ്രകാരം ചിത്രം ഏഴ് കോടിയാണ് കേരള ബോക്സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. രചനയിലും ആഖ്യാനത്തിലും നിരൂപക പ്രശംസ നേടുന്ന ചിത്രം ആദ്യദിനം 45 ലക്ഷം ആണ് നേടിയത് എങ്കിലും പിന്നീട്, യഥാക്രമം 65 ലക്ഷം, 1.40 കോടി, 1.85 കോടി, 2.57 കോടി എന്നിങ്ങനെയാണ് നേടിയത്. ആറാം ദിനമായ ഇന്ന് ചിത്രം രണ്ട് കോടിയിലേറെ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. വൈകാതെ ചിത്രം പത്ത് കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Also Read: അജയന്റെ രണ്ടാം മോഷണം പുതിയ അപ്‌ഡേറ്റുകൾ
ഓണം റിലീസായി സെപ്റ്റംബർ 12ന് ആണ് ആസിഫലി ചിത്രം കിഷ്‍കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. ദിൻജിത്ത് അയ്യത്താൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരു മിസ്റ്ററി ത്രില്ലറായി ഒരുങ്ങിയ സിനിമയിൽ ആസിഫ് അലിയ്ക്ക് ഒപ്പം വിജയരാഘവൻ, അപർണ ബാലമുരളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം, ടോവിനോ നായകനായി എത്തിയ ബ്രഹ്മാണ്ഡ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണം ഇതോടെതന്നെ ആഗോളതലത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ ഈ നേട്ടം.