CMDRF

468 കി.മീ. റേഞ്ചുള്ള ഇലക്ട്രിക് എസ്യുവിയുമായി BYD

468 കി.മീ. റേഞ്ചുള്ള ഇലക്ട്രിക് എസ്യുവിയുമായി BYD
468 കി.മീ. റേഞ്ചുള്ള ഇലക്ട്രിക് എസ്യുവിയുമായി BYD

3 എംപിവി, അറ്റോ 3 എസ്യുവി, സീല്‍ ഇവി സെഡാന്‍ എന്നിവയാണ് നിലവില്‍ BYD ഇന്ത്യ പുറത്തിറക്കുന്ന ഇവികള്‍. പ്രീമിയം മോഡലുകളാണെങ്കിലും ഇവയെല്ലാം വാങ്ങാന്‍ ആളുകളുടെ വലിയ നിര തന്നെയാണ് ഷോറൂമുകളില്‍ എത്തുന്നത്. ഇതില്‍ അറ്റോ 3 എസ്യുവിയാവട്ടെ നിരത്തുകളിലെ നിറസാന്നിധ്യമായി മാറിയിട്ടുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന വൈദ്യുത എസ്യുവി ഇതുവരെ ഒരൊറ്റ വേരിയന്റില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.എന്നാല്‍ ഇപ്പോഴിതാ വില്‍പ്പന കൂട്ടാനായി മോഡലിന്റെ രണ്ട് എന്‍ട്രി ലെവല്‍ വേരിയന്റ് കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് BYD. അറ്റോ 3 ഇപ്പോള്‍ ഡൈനാമിക്, പ്രീമിയം, സുപ്പീരിയര്‍ എന്നീ മൂന്ന് വകഭേദങ്ങളില്‍ വാങ്ങാനാവും.

ബേസ് ഡൈനാമിക് ട്രിമ്മിന് 24.99 ലക്ഷം രൂപയാണ് വില വരുന്നത്. എന്നാല്‍ പ്രീമിയം, സുപ്പീരിയര്‍ ട്രിമ്മുകള്‍ക്ക് BYD ഇതുവരെ വില നല്‍കിയിട്ടില്ല. ഇത് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് 33.99 ലക്ഷം രൂപയായിരുന്നു അറ്റോ 3 ഇവിയുടെ വില വന്നിരുന്നത്. വില കുറച്ച് കൂടുതല്‍ ആളുകളിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബേസ് മോഡലുകളെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി പുതിയ ട്രിമ്മില്‍ ഒരു ചെറിയ ബാറ്ററിയും കൂടുതല്‍ മത്സരാധിഷ്ഠിത വിലനിര്‍ണയത്തിനായി ഫീച്ചറുകളുടെ ഒഴിവാക്കലും നടന്നിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

BYD അറ്റോ 3 എസ്യുവിയുടെ പുത്തന്‍ ഡൈനാമിക് വേരിയന്റിലെ ഏറ്റവും വലിയ മാറ്റം ബാറ്ററി പായ്ക്കിലാണ് സംഭവിച്ചിരിക്കുന്നത്. പുതിയ 49.92kWh ബാറ്ററിയാണ് ഇവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് സിംഗിള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ വരെ ശേഷിയുള്ളതാണെന്നും ബ്രാന്‍ഡ് പറയുന്നു. പ്രീമിയം, സുപ്പീരിയര്‍ വേരിയന്റുകളില്‍ ഇലക്ട്രിക് എസ്യുവി മുമ്പുണ്ടായിരുന്ന അതേ 60.48kWh ബാറ്ററി പായ്ക്കിലാവും വരിക. ഇതിന് ഫുള്‍ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ചാണ് BYD പറയുന്നത്. മൂന്ന് മോഡലുകളിലും 204 bhp പവറില്‍ 310 Nm torque ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ റിയര്‍ ആക്സില്‍ ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ എസ്യുവിയുടെ ബാറ്ററി 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. വേരിയന്റ് പരിഗണിക്കാതെ തന്നെ ഈ ഓപ്ഷന്‍ ബ്രാന്‍ഡ് നല്‍കുന്നുണ്ടെന്നതാണ് കൈയടി അര്‍ഹിക്കുന്ന കാര്യം.

അതേസമയം എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചെറിയ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂര്‍ സമയം വേണ്ടിവരും. മറുവശത്ത് വലിയ ബാറ്ററി ചാര്‍ജാവാന്‍ ഏകദേശം 10 മണിക്കൂര്‍ എടുക്കും. 7kW ഹോം ചാര്‍ജറും 3kW പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ബോക്‌സുമാണ് കമ്പനി അറ്റോ 3 എസ്യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നത്. മുകളില്‍ പറഞ്ഞതു പോലെ തന്നെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റില്‍ നിന്നും ചില ഫീച്ചറുകള്‍ BYD ഒഴിവാക്കിയിട്ടുണ്ട്. മിഡ്-സ്‌പെക്ക് പ്രീമിയത്തില്‍ നിന്നും ADAS സ്യൂട്ടും അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകളുമാണ് BYD ഒഴിവാക്കിയത്. അതേസമയം അറ്റോ 3 ബേസ് ഡൈനാമിക് പതിപ്പ് വാങ്ങുന്നവര്‍ക്ക് പവര്‍ഡ് ടെയില്‍ഗേറ്റ്, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകളും ലഭിക്കില്ല. ഡൈനാമിക്കിന് ചെറിയ 17 ഇഞ്ച് വീലുകളും പുത്തന്‍ കോസ്മോസ് ബ്ലാക്ക് കളര്‍ ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്.

12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, 5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് അറ്റോ 3 ഇവിയുടെ ടോപ്പ്-സ്‌പെക്ക് സുപ്പീരിയര്‍ വേരിയന്റ് വരുന്നത്. 360-ഡിഗ്രി ക്യാമറ, 7 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, TPMS എന്നിവയാണ് വാഹനത്തിലെ സുരക്ഷാ ഫീച്ചറുകള്‍. ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്സൈറ്റ് വാഹന സംബന്ധിയായ വാര്‍ത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാര്‍, ബൈക്ക് വാര്‍ത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാര്‍ത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ.

Top