ബെം​ഗളൂരുവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് 5 മരണം

അപകട സമയത്ത് കെട്ടിടത്തിൽ 21 പേരുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു

ബെം​ഗളൂരുവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് 5 മരണം
ബെം​ഗളൂരുവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് 5 മരണം

ബെം​ഗളൂരു: നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലാണ് അപകടമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആറ് നില കെട്ടിടമാണ് തകര്‍ന്നുവീണത്. ഹർമാൻ (26), ത്രിപാല്‍ (35), മുഹമ്മദ് സഹില്‍ (19), സത്യ രാജു (25), ശങ്കര്‍ എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 13 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ബംഗളൂരു നോർത്ത് ആശുപത്രിയിലും ഹോസ്മാറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടുതൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Also Read: ജയ ഷെട്ടി വധക്കേസ്: ഛോട്ടാ രാജന് ജാമ്യം

ഡോ​ഗ് സ്ക്വാഡ് ഉൾപ്പെടെയെത്തിയാണ് തിരച്ചിൽ നടത്തുന്നത്. മറ്റ് ഏജൻസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം തകർന്നത്. പ്രദേശത്ത് മുഴുവന്‍ വെള്ളക്കെട്ടും മണ്ണൊലിപ്പുമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുകയാണ്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട യുവാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തി വരുന്നത്. അതേസമയം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അപകട സ്ഥലം സന്ദർശിച്ചു. അപകട സമയത്ത് കെട്ടിടത്തിൽ 21 പേരുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. എനിക്ക് ലഭിച്ച വിവരം അനുസരിച്ച് 21 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.

Also Read: വനിത ജീവനക്കാർക്ക് ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

അഞ്ചുപേരുടെ മൃതദേഹം ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 13 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷിച്ചു. ഹര്‍മാന്‍, ത്രിപാല്‍, മോഹദ് സാഹില്‍, സത്യ രാജു, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്നും ഡി.കെ.ശിവകുമാര്‍ അറിയിച്ചു. സാധാരണ 26 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട് എന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു. സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top