54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 9 ന്

54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 9 ന്
54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 9 ന്

ഡൽഹി: 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 9 ന് നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ദില്ലിയിലാണ് യോഗം ചേരുക. യോഗത്തിന്റെ അജണ്ടയെക്കുറിച്ച് കൗണ്‍സില്‍ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. 53 -ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ജൂണ്‍ 22ന് ദില്ലിയില്‍ നടന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗണ്‍സിലായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര ജിഎസ്ടി നിയമത്തില്‍ പുതിയ സെക്ഷന്‍ 11 എ ഉള്‍പ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു, 2017-ലെ ജിഎസ്ടി നിയമത്തിലെ 112-ാം വകുപ്പില്‍ ഭേദഗതി വരുത്താനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.

അതേസമയം, കണക്കുകള്‍ പ്രകാരം ജൂലൈയിലെ ജിഎസ്ടി വരുമാനം 10.3 ശതമാനം വര്‍ധിച്ച് 1.82 ലക്ഷം കോടി രൂപയായി. 2017 ജൂലൈ 1 ന് ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വരുമാനമാണിത്. 16,283 കോടി രൂപയാണ് ജൂലൈയിലെ റീഫണ്ടുകള്‍. ഇത് കണക്കാക്കിയ ശേഷം, മൊത്തം ജിഎസ്ടി കളക്ഷന്‍ 1.66 ലക്ഷം കോടി രൂപയിലധികമായിരുന്നു, 14.4% വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായത്. അതേസമയം, കേന്ദ്ര ജിഎസ്ടി 32,386 കോടി രൂപയും സംസ്ഥാന ജിഎസ്ടി 40,289 കോടി രൂപയും സംയോജിത ജിഎസ്ടി 96,447 കോടി രൂപയും ഉള്‍പ്പെടുന്ന മൊത്തം ജിഎസ്ടി വരുമാനം 1,82,075 കോടി രൂപയിലെത്തി. സെസ് ഇനത്തില്‍ 12,953 കോടി രൂപയാണ് പിരിച്ചെടുത്തത്.

Top