CMDRF

ഇനി ചന്ദ്രനിലൊരു വീടുകൂടി വെയ്ക്കണം! ചാന്ദ്രപര്യവേഷണത്തിന്റെ 55 വർഷങ്ങൾ

ഇനി ചന്ദ്രനിലൊരു വീടുകൂടി വെയ്ക്കണം! ചാന്ദ്രപര്യവേഷണത്തിന്റെ 55 വർഷങ്ങൾ
ഇനി ചന്ദ്രനിലൊരു വീടുകൂടി വെയ്ക്കണം! ചാന്ദ്രപര്യവേഷണത്തിന്റെ 55 വർഷങ്ങൾ

നുഷ്യന്റെ കണ്ടുപിടുത്തങ്ങൾ എപ്പോഴും മാനവരാശിയുടെ തലവരമാറ്റിയിട്ടുണ്ട്. കാടായ കാടും, നാടായ നാടും എല്ലാം തന്റെ അധീനതയിലാക്കാൻ കെൽപ്പുള്ളവനാണ് മനുഷ്യൻ. അങ്ങനെ ഭൂ​ഗോളത്തിന്റെ സ്പന്ദനത്തിൽ മാത്രം ഒതുങ്ങുന്നതല്ല മനുഷ്യർ തീർക്കുന്ന ലോകം. കരകാണാകടലലമേലെ നക്ഷത്രങ്ങൾ തിളങ്ങുന്ന, വെള്ളിക്കിണ്ണം തുളുമ്പുന്ന ചന്ദ്രക്കല ഉദിക്കുന്ന ഒരു ആകാശം നമ്മുക്കെല്ലാവർക്കും അറിയാം. ആകാശം എന്നാൽ നമ്മുക്ക് പകൽ വെളിച്ചത്തിൽ തിളങ്ങുന്ന സൂര്യനും, രാത്രിയിൽ ഉറക്കത്തിന്റെ കരവലയം സൃഷ്ടിക്കുന്ന ചന്ദ്രനുമാണ്. എന്നാൽ ആകാശത്തിനപ്പുറം ശരിക്കും ഒരു ലോകമല്ലേ ..? പഞ്ഞിക്കെട്ടുകളാൽ വേലിക്കെട്ടുകൾ തീർത്ത ആ കാണാമറയത്ത് എന്താണെന്നറിയാൻ കൗതുകമില്ലാത്തവർ ഉണ്ടോ..? ഇതേ കൗതുകമാണ് 1960ൽ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്കും ഉണ്ടായത്. അദ്ദേഹം തന്റെ ഈ സ്വപ്നം നാസയിലെ ശാസ്ത്രജ്ഞരോട് പങ്കുവെക്കുന്നു. മനുഷ്യൻ ചന്ദ്രനെ കീഴടക്കണം! അതായിരുന്നു തുടക്കം, അവിടുന്നായിരുന്നു മാനവരാശിയുടെ ചരിത്രം അങ്ങ് ചന്ദ്രനിലും തൊട്ടത്.

1969 ജൂലൈ 16 സമയം രാവിലെ 9.32. ലോകം അക്ഷമരായി യുഎസിലെ ഫ്ലോറിഡയിലേക്ക് ഉറ്റുനോക്കുന്നു. അപ്പോളോ 11ന്റെ കൗണ്ട്ഡൗൺ തുടങ്ങി. അപ്പോളോയുമായി നാസയുടെ സാറ്റേൺ ഫൈവ് റോക്കറ്റ് കുതിച്ചുയർന്നു. എഡ്വിൻ ബസ് ആൽഡ്രിൻ, നീൽ ആംസ്ട്രോങ്, മൈക്കിൾ കോളിൻസ് എന്നിവരെ വഹിച്ച് ആ വാഹനം പറന്നത് അങ്ങ് ചന്ദ്രോപരിതലത്തിലേക്ക്.. അതെ മനുഷ്യൻ ആദ്യമായി ചന്ദ്രനിലേക്ക് പോകുന്നു. ഇത് വെറുമൊരു പരീക്ഷണം മാത്രമായിരുന്നില്ല, വിജയിച്ചാൽ ചരിത്രത്തിലെ മികച്ച കുതിപ്പായി അടയാളപ്പെടുത്തുന്ന മറ്റ് ഒരുപാട് പദ്ദതികളിലേക്കുള്ള ഒരു ചുവട് വെയ്പ്പ് കൂടിയായിരുന്നു.

ഉച്ചയ്ക്ക് 12.22ന് ആരംഭിച്ച യാത്രയുടെ ആദ്യഘട്ടത്തിലെ ലക്ഷ്യം ഭൂമിയുടെ ആകർഷണത്തിന് പുറത്തു കടക്കൽ ആയിരുന്നു. 12. 49 ഓടെ കവചം പിളർന്ന് ദൗത്യം പുറത്തേക്കെത്തി. വൈകിട്ട് 7.31ന് യാത്രികർ ലോകമെമ്പാടുമുള്ള ടെലിവിഷൻ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ടു. ലോകത്തെ സാക്ഷിയാക്കി ആദ്യ ബഹിരാകാശ ലൈവ്. യാത്ര തുടർന്നു… ദിവസങ്ങൾ കടന്നു 18, 19, 20 യാത്രികരും ലോകവും ആകാംക്ഷയുടെ മുൾമുനയിൽ, ചന്ദ്രന്റെ ആകർഷണവലയത്തിൽ പ്രവേശിക്കാൻ ലൂണാർ മൊഡ്യൂൾ തയാറെടുക്കുന്നു. ചരിത്രത്തിലേക്കുള്ള ചുവടുവെപ്പിന് നിമിഷങ്ങൾ മാത്രം ബാക്കി. ജുലൈ 20 വൈകിട്ട് 4.05. നീൽ ആംസ്ട്രോങിന്റെ നിയന്ത്രണത്തിൽ ലൂണാർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിന് അരികെയെത്തി. വൈകിട്ട് 4.18. ഹൂസ്റ്റനിലെ റേഡിയോയിലൂടെ ആംസ്ട്രോങിന്റെ ശബ്ദത്തിൽ ചരിത്രം മുഴങ്ങി, ’ഈഗിൾ പറന്നിറങ്ങി’! രാത്രി 10.56 ലോകചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമായി കുറിച്ച് ഗോവണി വഴി ആംസ്ട്രോങ് ചന്ദ്രോപരിതലത്തിലേത്തി, ചന്ദ്രനിൽ കാലുകുത്തി. “മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, മനുഷ്യരാശിക്ക് വലിയൊരു കുതിച്ചുചാട്ടം” ചന്ദ്രനിൽ ആദ്യമായി കാൽതൊട്ട ശേഷമുള്ളനീൽ ആംസ്ട്രോങ്ങിന്റെ ആദ്യത്തെ വാക്കുകൾ ആണിവ. എഡ്വിന്‍ ആല്‍ഡ്രിനാണ് രണ്ടാമതായി കാലുക്കുത്തിയത്.

മടക്കയാത്ര അൽപ്പം ദുഷ്കരമായിരുന്നു. ഭൂമിയുടെ ആകർഷണവലയത്തിൽ പ്രവേശിച്ചാൽ ഗുരുത്വാകർഷണം മൂലം വാഹനത്തിന്റെ വേഗം കൂടും. അതിവേ​ഗത്തിൽ താഴേക്ക് പറന്ന അപ്പോളോ ജൂലൈ 24ന് പസഫിക്കിലെത്തി. പാരചൂട്ടിൽ പറന്നിറങ്ങിയ യാത്രികരെ സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുവെച്ചപ്പോൾ ലോകത്തിനു മുന്നിൽ അമേരിക്കയ്ക്കും നാസയ്ക്കും ലഭിച്ച മേധാവിത്വം ചെറുതൊന്നുമല്ല. അതിനിന്നും ഒരു കോട്ടവും പറ്റിയിട്ടില്ല എന്നതാണ് സത്യം.

കലണ്ടറിൽ ചാന്ദ്രദിനം രേഖപ്പെടുത്തിയിട്ട് ഇന്നേക്ക് 55 വർഷം പിന്നിടുമ്പോഴും ദൗത്യങ്ങളിൽ നിന്നും പിന്നോട്ട് പോയിട്ടില്ല നാസ. ആദ്യമായി പറന്നുയർന്ന അപ്പോളോ 11 മുതല്‍ 72 ലെ അപ്പോളോ 17 വരെ വിവിധ ദൗത്യങ്ങളിലായി 12 പേര്‍ ചന്ദ്രോപരിതലം തൊട്ടു. മനുഷ്യനു കാലുകുത്താൻ സാധിച്ച ഏക ആകാശഗോളമാണു ചന്ദ്രൻ. ഭൂമിയുടെ കാൽഭാഗം വ്യാസമേയുള്ളൂ ചന്ദ്രന്. വ്യാപ്തം ഭൂമിയുടേതിന്റെ രണ്ടു ശതമാനം മാത്രം. അതായത് ഭൂമിക്കുള്ളിൽ 50 ചന്ദ്രൻമാർ കൊള്ളും. ഭൂമിയിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന ഭാരത്തിന്റെ ആറിൽ ഒന്നു മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടൂ. ചന്ദ്രനിലെ അളവറ്റ ധാതുനിക്ഷേപമാണ് ചന്ദ്രനെ ശാസ്ത്രലോകം കൈവിടാത്തതിന്റെ കാരണം. ടൈറ്റാനിയം, പ്ലാറ്റിനം എന്നിവ ചന്ദ്രനിൽ വേണ്ടുവോളമുണ്ട്. എന്നാൽ ഇവയെ ഭൂമി​യിലെത്തിക്കുക എന്നത് വളരെ ചെലവേറിയതാണ്. ഇന്ത്യ നടത്തിയ ചാന്ദ്ര ദൗത്യങ്ങളാണ് ചന്ദ്രയാൻ-1, ചന്ദ്രയാൻ -2, ചന്ദ്രയാൻ -3 എന്നിവ. ഇന്ത്യയുടെ ചന്ദ്രയാൻ -3നൊപ്പം പറന്ന റഷ്യയുടെ ലൂണ -25 ന്റെ യാത്ര പരാജയമായിരുന്നുവെങ്കിലും 2029ഓടെ ചന്ദ്രനിൽ ഒരു സ്ഥിരം താമസയിടം നിർമിക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.

REPORT: ANURANJANA KRISHNA

Top