അയല്‍വാസിയുടെ കൂര്‍ക്കം വലി കാരണം 62കാരനെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ

അയല്‍വാസിയുടെ കൂര്‍ക്കം വലി കാരണം 62കാരനെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ
അയല്‍വാസിയുടെ കൂര്‍ക്കം വലി കാരണം 62കാരനെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ

പെന്‍സില്‍വാനിയ: ഉറക്കത്തില്‍ വലിയ ശബ്ദത്തില്‍ കൂര്‍ക്കം വലിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടയില്‍ അയല്‍വാസിയെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് സംഭവം. പെന്‍സില്‍വാനിയ സ്വദേശിയായ ക്രിസ്റ്റഫര്‍ കേസി എന്നയാള്‍ക്കാണ് മോണ്ട്‌ഗോമെരി കൌണ്ടി കോടതി 23 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായ ശേഷം മൂന്ന് വര്‍ഷം പൊലീസ് നിരീക്ഷണത്തില്‍ തുടരണമെന്നും കോടതി വിശദമാക്കി. ജനുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

കൊലപാതകത്തിനുള്ള മൂന്ന് കുറ്റങ്ങളാണ് 56കാരനെതിരെ ചുമത്തിയിരുന്നത്. സംഭവത്തില്‍ കുറ്റക്കാരനാണെന്ന് ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അയല്‍വാസിയായ 62കാരന്‍ റോബര്‍ട്ട് വാലസ് എന്നയാളെയാണ് 56കാരന്‍ കൊലപ്പെടുത്തിയത്. കൂര്‍ക്കം വലിയേ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ജനലിലൂടെയാണ് ഇയാള്‍ അയല്‍വാസിയായ 62കാരനെ കുത്തിപരിക്കേല്‍പ്പിച്ചത്. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ 62കാനെ വീട്ടില്‍ നിന്ന് 50 അടി അകലെ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്.

സൈനികര്‍ ഉപയോഗിക്കുന്നതിന് സമാനമായ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണ സ്ഥലത്ത് എത്തിയ പൊലീസ് റോബര്‍ട്ട് വാലസിന്റെ മൊബൈല്‍ ഫോണും രക്തവും ക്രിസ്റ്റഫറിന്റെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ വീടിന്റെ ജനല്‍ ചില്ലുകളും ഇയാളുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു.

നിരവധി തവണയാണ് 62കാരന് കത്തി കൊണ്ടുള്ള കുത്തേറ്റത്. ക്രിസ്റ്റഫറിന്റെ വലിയ ശബ്ദത്തിലുള്ള കൂര്‍ക്കം വലി മൂലം ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ഇത് ജോലി ചെയ്യാന്‍ പോലും ആവാത്ത സാഹചര്യത്തില്‍ 62കാരനെ എത്തിച്ചതിന് പിന്നാലെയാണ് അയല്‍വാസിയോടെ പരാതി പറഞ്ഞതെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിശദമാക്കുന്നത്. കോടതിയില്‍ വച്ച് കൊലപാതക കാരണമായ വാക്കേറ്റത്തിനേക്കുറിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോട് 56കാരന്‍ ക്ഷമാപണം നടത്തി.

Top