കോയമ്പത്തൂര്‍: പൊള്ളാച്ചിക്ക് സമീപത്തെ കോട്ടൂര്‍ റോഡിലുള്ള നെഹ്‌റു നഗറില്‍ പാമ്പുകടിയേറ്റ് 58കാരിക്ക് ദാരുണാന്ത്യം. ആര്‍ ശാന്തിയാണ് അണലിയുടെ കടിയേറ്റ് മരിച്ചത്. പൂച്ച ഓടിച്ച പാമ്പ് വീടിനകത്തേയ്ക്ക് കയറിയതാണ് 58 കാരിയുടെ മരണത്തിന് കാരണമായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശാന്തിയുടെ വളര്‍ത്തുപൂച്ച വീട്ടുപരിസരത്ത് പാമ്പിനെ കാണുന്നത്.
പാമ്പിനെ ആക്രമിക്കാന്‍ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറുകയായിരുന്നു. വാതിലിന് താഴെയുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെയാണ് പാമ്പ് വീട്ടിനകത്തേക്ക് കയറിയത്. വീട്ടില്‍ പാമ്പ് കയറിയത് അറിയാതെ രാവിലെ എഴുന്നേറ്റ ശാന്തി പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേല്‍ക്കുകയായിരുന്നു. കണങ്കാലിന് പാമ്പു കടിയേറ്റ ശാന്തിയെ മകന്‍ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read: ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; അധ്യാപിക മരിച്ചു
ആന്റി ഡോട്ട് നല്‍കിയ ശേഷം ശാന്തിയെ കോയമ്പത്തൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പൊള്ളാച്ചി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ശാന്തിയുടെ നില മോശമായതോടെ മകന്‍ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രയില്‍ മരിക്കുകയായിരുന്നു.