ഡല്‍ഹി: അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും മൊബൈൽ കവറേജ് നൽകുന്നതിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റി അതിവേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമത്തിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം. ഇതിന്റെ ഭാഗമായി ടെതർ ചെയ്ത ബലൂണുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള താൽക്കാലിക 5ജി നെറ്റ്‌വർക്ക് എത്തിക്കുന്നതിനുള്ള ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ നുര്‍മതി ഗ്രാമത്തിലാണ് കഴിഞ്ഞമാസം ബലൂണ്‍ ഉപയോഗിച്ചുള്ള 5ജി കണക്ടിവിറ്റി പരീക്ഷിച്ചത്. 5ജി റൂട്ടറുകളും ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളും ഉപയോഗിച്ചായിരുന്നു പരീക്ഷണം.
ബലൂണുകളിലെ നെറ്റ് വര്‍ക്ക് റൂട്ടറുകളും നെറ്റ് വര്‍ക്ക് കണ്‍ട്രോള്‍ യൂണിറ്റുകളും വഴിയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സെക്കന്റില്‍ 10 മെഗാബിറ്റ് വേഗത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയത്. ജി.എൻ.ബി ബലൂണില്‍ സ്ഥാപിച്ച ജി.എൻ.ബി ആന്റിനകൾക്കും അനുബന്ധ ഉപകരണങ്ങൾക്കുമുൾപ്പെടെ 10 മുതല്‍ 15 കിലോഗ്രാം വരെ ഭാരമുണ്ട്.