ഒമ്പത് മാസത്തിനകം 5ജി ലഭ്യമാക്കും; വി.ഐ

ഒമ്പത് മാസത്തിനകം 5ജി ലഭ്യമാക്കും; വി.ഐ
ഒമ്പത് മാസത്തിനകം 5ജി ലഭ്യമാക്കും; വി.ഐ

മുംബൈ: വോഡഫോണ്‍ ഐഡിയയുടെ വരുമാനത്തിന്റെ 40 ശതമാനംവരെ 5ജി സേവനത്തില്‍ നിന്നാക്കാന്‍ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ. അക്ഷയ മുന്ദ്ര അറിയിച്ചു. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ വഴിയുള്ള ഫണ്ടിങ് ഉറപ്പാക്കിയാല്‍ ഉടന്‍ 5ജി ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 18,000 കോടി രൂപയുടെ എഫ്.പി.ഒ.യില്‍ 12,750 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഇതില്‍ 5,720 കോടി രൂപ 5ജി നെറ്റ്വര്‍ക്ക് തുടങ്ങാനായിരിക്കും. നടപ്പുസാമ്പത്തികവര്‍ഷം 2600 കോടി രൂപ ചെലവില്‍ 10,000 കേന്ദ്രങ്ങളില്‍ 5ജി സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ മേഖലകളിലേക്ക് 4ജി സേവനമെത്തിക്കാനും നിലവിലുള്ള 4ജി നെറ്റ് വക്കിന്റെ ശേഷി വിപുലീകരിക്കുന്നതിനും 5ജി സേവനം തുടങ്ങുന്നതിനും എഫ്.പി.ഒ. വഴി ലഭ്യമാകുന്ന ഫണ്ട് ഉപയോഗിക്കും. ഇഷ്യു ചെയ്ത് 6-9 മാസത്തിനുള്ളില്‍ തിരഞ്ഞെടുത്ത പോക്കറ്റുകളില്‍ 5G സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, 5ജി സേവനം എവിടെയെല്ലാം ലഭ്യമാക്കുമെന്നോ എന്നുമുതല്‍ തുടങ്ങുമെന്നോ മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല.17 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കമ്പനിയുടെ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്. കമ്പനിയുടെ 90 ശതമാനം നെറ്റ്വര്‍ക്കും 5ജി സേവനങ്ങള്‍ക്ക് സജ്ജമാണ്. വി.ഐയുടെ 18,000 കോടി രൂപയുടെ എഫ്.പി.ഒ ഏപ്രില്‍ 18 മുതല്‍ 23 വരെയാണ് നടക്കാന്‍പോകുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് പത്തുരൂപ മുതല്‍ 11 രൂപവരെയാണ് വില. 1298 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. 1636.36 കോടി പുതിയ ഓഹരികളാണ് കമ്പനി ഇഷ്യു ചെയ്യുന്നത്.

Top