CMDRF

വയനാട് നടുങ്ങിയ അഞ്ചാമത്തെ ഉരുൾപൊട്ടൽ; പുത്തുമലയിൽ അഞ്ചുപേർ ഇപ്പോഴും കാണാമറയത്ത്

വയനാട് നടുങ്ങിയ അഞ്ചാമത്തെ ഉരുൾപൊട്ടൽ; പുത്തുമലയിൽ അഞ്ചുപേർ ഇപ്പോഴും കാണാമറയത്ത്
വയനാട് നടുങ്ങിയ അഞ്ചാമത്തെ ഉരുൾപൊട്ടൽ; പുത്തുമലയിൽ അഞ്ചുപേർ ഇപ്പോഴും കാണാമറയത്ത്

മുണ്ടക്കൈ, ചൂരൽമല മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് വയനാടിന്റെ ഉള്ളുലച്ച അഞ്ചാമത്തെ ഉരുൾപൊട്ടൽ. കഴിഞ്ഞ മൂന്ന് തവണയും ഉരുൾപൊട്ടിയത് മുണ്ടക്കൈ മേഖല ഉൾപ്പെടുന്ന വെള്ളരിമല വില്ലേജിലാണ്. കൂടാതെ മുണ്ടക്കൈ മേഖല കൂടാതെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം, തവിഞ്ഞാൽ പഞ്ചായത്തിലെ വാളാംതോട് എന്നിവിടങ്ങളിലും വൻ ഉരുൾപൊട്ടലും ആളപായവുമുണ്ടായി.

ആദ്യ അപായം

1984 ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. എന്നാൽ സംഭവം പുറംലോകം അറിഞ്ഞത് ജൂലൈ രണ്ടിനായിരുന്നു , ഷാജി, പാപ്പച്ചൻ, വിക്രം സിങ് എന്നീ കരിമറ്റം എസ്റ്റേറ്റ് തൊഴിലാളികളും പ്രദേശത്തെ 11 പേരുമാണ് ആ ദുരന്തത്തിൽ മരണപ്പെട്ടത്. 1984 ജൂലൈ ഒന്നിന് 24 മില്ലിമീറ്റർ മഴയാണ് മുണ്ടക്കൈയിൽ പ്രദേശത്ത് മാത്രം രേഖപ്പെടുത്തിയത്.

വീണ്ടും നടുങ്ങുന്നു വയനാട്

1992ൽ ആണ് നാടിനെ നടുക്കിയ മറ്റൊരു മഹാദുരന്തം വയനാട്ടിലുണ്ടാകുന്നത്. പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഉണ്ടായ ആ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 11 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്.

ജീവനെടുക്കാത്ത വലിയ ദുരന്തം

2018 കുറിച്യർമലയിൽ ഉണ്ടായ വലിയ ദുരന്തം, ജനവാസ മേഖല അല്ലാത്തതിനാൽ ജീവഹാനി ഉണ്ടാക്കിയില്ല.

കേരളം മറക്കാത്ത പുത്തുമല

കേരളം നടുങ്ങിയ ഒരു വലിയ അപകടം, 2019ൽ മുണ്ടക്കൈയുടെ തന്നെ സമീപ പ്രദേശമായ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേരാണ് മരിച്ചത്. ഇതിൽ അഞ്ച് ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ല. പുത്തുമല മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടിൽ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ (54), പച്ചക്കാട് എടക്കണ്ടത്തിൽ നബീസ (74) എന്നിവരെയാണ് ഇതുവരെയും കണ്ടെത്താൻ കഴിയാതെപോയത്.

വേദനയായി വയനാട്

എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ മുണ്ടക്കൈ മഹാ ദുരന്തം വയനാടിൻ്റെ മാത്രമല്ല, കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് .അതേസമയം,മേപ്പാടി – മുണ്ടക്കൈ റൂട്ടിൽ വിവിധ സ്ഥലങ്ങൾ പല കാലങ്ങളിലായി പല വൻ ദുരന്തങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. 1975ൽ കള്ളാടിപ്പാലം തകർന്ന് ഒൻപതുപേർ മരണപ്പെട്ടിരുന്നു. കൽപ്പറ്റയിൽനിന്ന സർക്കസ് കണ്ട് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ബസ് പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് പാലം തകർന്നത്.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ആശങ്കയായി മരണസംഖ്യ ഉയരുന്നതും നാടിനെ നടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം, മരണസംഖ്യ 163 കടന്നു.

ചൊവ്വാഴ്ച (30 ജൂലൈ, 2024) പുലർച്ചെ രണ്ടു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. ശേഷം പുലർച്ചെ 4:10 ഓടെ വീണ്ടും ഉരുൾപൊട്ടി. ഇതോടെ മേപ്പാടിയും മുണ്ടക്കൈയും ചൂരൽമല ഉൾപ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോകുകയായിരുന്നു. മഴയും കനത്ത കോടമഞ്ഞും മുണ്ടക്കൈ ചൂരൽമല രക്ഷാദൗത്യത്തിന് തിരിച്ചടിയായി മാറി. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് ഒരു നാട് മുഴുവൻ രക്ഷാപ്രവർത്തന ദൗത്യത്തിനായി ദുരന്തമേഖലയിൽ രാത്രിയും തുടർന്നു, ഇപ്പോഴും അവിടെ രക്ഷാപ്രവർത്തനം തുടർന്നുക്കൊണ്ടിരിക്കുകയാണ്.

Top