സണ്‍റൂഫ് ആഡംബര സൗകര്യം എന്നതില്‍ നിന്നും സാധാരണ കാറുകളിലെ ഫീച്ചറായിട്ട് അധികം നാളായിട്ടില്ല. ഫീച്ചറുകള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ പരിവേഷമാണ് സണ്‍റൂഫിന്. സണ്‍റൂഫുള്ള മോഡലുകള്‍ അതിവേഗം വിറ്റഴിഞ്ഞതോടെ കൂടുതല്‍ മോഡലുകളിലേക്ക് കാര്‍ നിര്‍മാതാക്കളും ഈ ഫീച്ചറിനെ വ്യാപിപ്പിച്ചു. ക്യാബിനിന് അകത്തേക്ക് കൂടുതല്‍ വായുവും വെളിച്ചവും കടക്കുമെന്നതാണ് ഇതിന്റെ പ്രത്യേക. മാത്രമല്ല ഇത് ക്യാബിന് കൂടുതല്‍ ആകര്‍ഷകമായ രൂപവും സമ്മാനിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകള്‍ പനോരമിക് സണ്‍റൂഫ് ഇഷ്ടപ്പെടുന്നു. ഒരു കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന വ്യക്തിക്ക് പനോരമിക് സണ്‍റൂഫുള്ള ഏറ്റവും മികച്ച 6 എസ്‌യുവികളുടെ ലിസ്റ്റ് ഇതാ..
മഹീന്ദ്ര എക്‌സ് യു വി 3എക്‌സ്ഒ
പനോരമിക് സണ്‍റൂഫുള്ള ഇന്ത്യയിലെ ബജറ്റ് ഫ്രണ്ട്‌ലി എസ് യു വികളുടെ പട്ടികയെടുത്താല്‍ ആദ്യം വരും മഹീന്ദ്രയുടെ എക്‌സ് യു വി 3എക്‌സ്ഒ. ഉയര്‍ന്ന വകഭേദമായ എഎക്‌സ്7ലാണ് ഈ ഫീച്ചറുളളത്. വില 12.49 ലക്ഷം രൂപ. ഇന്ത്യയില്‍ ഈ ഫീച്ചര്‍ നല്‍കുന്ന ഏക കോംപാക്ട് എസ് യു വിയാണിത്.
എംജി ആസ്റ്റര്‍
എസ്‌യുവിയുടെ സെലക്ട് ട്രിം മുതല്‍ പനോരമിക് സണ്‍റൂഫ് ഓഫര്‍ ചെയ്യുന്നു. 13.11 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 110 bhp പവറും 144 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഒന്ന്.
ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 140 bhp പവറും 220 Nm ടോര്‍ക്കും നല്‍കുന്ന 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും എംജി ആസ്റ്റര്‍ എസ്‌യുവി ലഭ്യമാണ്.
കിയ സെല്‍റ്റോസ്
എച്ച്ടികെ+ വകഭേദം മുതലാണ് കിയ സെല്‍റ്റോസില്‍ പനോരമിക് സണ്‍റൂഫ് ഫീച്ചറുള്ളത്. വില 14.06 ലക്ഷം മുതല്‍. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 115എച്ച്പി കരുത്തും പരമാവധി 144എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116എച്ച്പി കരുത്തും പരമാവധി 250എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 160എച്ച്പി കരുത്തും പരമാവധി 253 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍, സിവിടി, ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് എന്നിങ്ങനെയാണ് ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍.
ഹ്യുണ്ടായി ക്രെറ്റ
ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് മിഡ്സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ മിഡ്-സ്പെക്ക് S (O) വേരിയന്റ് മുതല്‍ പനോരമിക് സണ്‍റൂഫ് ലഭ്യമാണ്. 14.36 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇത് കിയ സെല്‍റ്റോസുമായി അതിന്റെ എഞ്ചിന്‍ ഓപ്ഷനുകള്‍ പങ്കിടുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ഡീസല്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ എല്ലാം ഒരേ ശേഷിയില്‍ വരുന്നവയാണ്.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര
മൈല്‍ഡ് ഹൈബ്രിഡ് വകഭേദമായ ആല്‍ഫ മുതലാണ് ഗ്രാന്‍ഡ് വിറ്റാരയില്‍ മാരുതി സുസുക്കി പനോരമിക് സണ്‍ റൂഫ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വില 15.51 ലക്ഷം രൂപ മുതല്‍. 103എച്ച്പി, 137എന്‍എം, 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍/ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇ-സിവിടി ഹൈബ്രിഡ് പവര്‍ട്രയിന്‍ കൂടി എത്തുന്നതോടെ കരുത്ത് 116എച്ച്പിയായി മാറും.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍
മിഡ്സൈസ് എസ്‌യുവിയുടെ പെട്രോള്‍ എഞ്ചിനുള്ള ടോപ്പ്-സ്പെക്ക് V ട്രിമ്മിലും ഹൈബ്രിഡ് പവര്‍ട്രെയിനിനുമായി വരുന്ന G, V ട്രിമ്മുകളിലും പനോരമിക് സണ്‍റൂഫുണ്ട്. 16.04 ലക്ഷം രൂപ മുതല്‍ എക്സ്ഷോറൂം വില ആരംഭിക്കുന്നു. മാരുതിയില്‍ നിന്നുള്ള കസിന്‍ മോഡലായ ഗ്രാന്‍ഡ് വിറ്റാരയുടെ പവര്‍ട്രെയിനുകള്‍ ഇത് പങ്കുവെക്കുന്നു. എന്നാല്‍ പ്രീമിയം ഇന്റീരിയറുകളും സന്തുലിതമായ റൈഡ് ഹാന്‍ഡ്ലിംഗും ഹൈറൈഡറിന്റെ പ്രത്യേകതകളാണ്.