കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡി.ബി.എസ്. ബാങ്കില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്.
കാത്തലിക് സിറിയന്‍ ബാങ്കില്‍ ഒന്നര കിലോഗ്രാം സ്വര്‍ണവും സിംഗപ്പുര്‍ ആസ്ഥാനമായ ഡി.ബി.എസ്. ബാങ്കില്‍ നിന്നും നാലര കിലോഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്. തിരുപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പ് തുടരുകയാണ്. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ തമിഴ്‌നാട്ടിലെ വിവിധ ബാങ്കുകളില്‍ പണയം വെക്കുകയായിരുന്നു.
ഇങ്ങനെ ലഭിച്ച പണം പ്രതി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ഇനിയും 20 കിലോഗ്രാം സ്വര്‍ണം കണ്ടെത്താനുണ്ട്. ഡി.ബി.എസ്. ബാങ്കിലെ ഒരു ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.മൂന്ന് വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായിരുന്ന മധാ ജയകുമാര്‍ ജൂലൈ ആറിന് എറണാകുളം ജില്ലയിലെ പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറിപ്പോയി.
വടകരയില്‍ പുതുതായി ചുമതലയേറ്റ മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലമാറ്റം ലഭിച്ചെങ്കിലും മധുജയകുമാര്‍ പാലാരിവട്ടത്തെത്തി ചുമതലയേറ്റിരുന്നില്ല.