മുംബൈ: മുംബൈ–നാസിക് ഹൈവേയിൽ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. കനത്ത മഴയിൽ റോഡുകളിൽ വലിയ കുഴികൾ രൂപപ്പെടുന്നതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതൽ റോഡുകൾ സിമന്റ് ചെയ്യാനുള്ള തീരുമാനം.6000 കിലോമീറ്റർ സിമന്റ് റോഡ് നിർമിക്കുന്നതിനായി 36000 കോടി രൂപയാണ് അനുവദിച്ചത്. ഇവ കൂടുതൽ കാലത്തേക്ക് നാശനഷ്ടമില്ലാതെ നിലനിൽക്കുന്നത് കണക്കാക്കിയാണ് നടപടി. റോഡ് നിർമാണത്തിലെ പിഴവുകളുംഗുണനിലവാരമില്ലായ്മയും ചർച്ചയാകുന്നതിനിടെയാണ് പുതിയ തീരുമാനം.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും, ദേവേന്ദ്ര ഫഡ്നാവിസും ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപ്പെട്ടിരുന്നു. മുംബൈ–നാസിക് ഹൈവേ ശരിയാകുന്നത് വരെ ടോൾ ഈടാക്കരുതെന്നും അജിത് പവാർ ആവശ്യപ്പെട്ടിരുന്നു. വസായിലും കല്യാണിലും റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം ഉയർന്നു.
വസായിൽ മലയാളികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. നിലവാരം കുറഞ്ഞ നിർമാണമാണ് റോഡുകൾ തകരാൻ കാരണമെന്നാണ് പ്രധാന ആരോപണം. വിദേശരാജ്യങ്ങളിൽ പലയിടങ്ങളിലും സിമന്റ് ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്.
20 വർഷം മുൻപ് മുംബൈയിൽ നിർമിച്ച കോൺക്രീറ്റ് റോഡുകൾ ഇന്നും കേടുപാടുകൂടാതെ നിലനിൽക്കുന്നത് കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ മഴക്കാലത്ത് നഗരത്തിലെ കൂടുതൽ റോഡുകളിൽ കുഴി രൂപപ്പെട്ടതോടെ ബിഎംസിയുടെ പരിധിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട ചില റോഡുകൾ സിമന്റ് റോഡുകളാക്കിയിരുന്നു. ഗ്രാമമേഖലകളിലെ റോഡുകളും പുതിയ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കി അഞ്ച് വർഷത്തിനുള്ളിൽ റോഡിന് നാശനഷ്ടം ഉണ്ടായാൽ കരാറുകാരനിൽ പദ്ധതി തുക തിരിച്ച് പിടിക്കും. കേന്ദ്രസർക്കാരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.