ഡെറിവേറ്റീവ് ഇടപാടുകളിലൂടെ കുടുംബങ്ങൾക്ക് വർഷംതോറും 60,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് സെബി. ഐപിഒയിലൂടെയോ മ്യൂച്വൽ ഫണ്ടുവഴിയോ ഉത്പാദനക്ഷമമായി വിപണിയിലെത്തേണ്ട പണമാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നതെന്ന് സെബി മേധാവി മാധബി പുരി ബുച്ച് പറഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഡെറിവേറ്റീവ് ഇടപാടുകൾക്ക് ഏഴ് പുതുക്കിയ വ്യവസ്ഥകൾ നിർദേശിച്ചു. ഓപ്ഷൻ സ്‌ട്രൈക്ക് പ്രൈസ്, ഓപ്ഷൻ പ്രീമിയത്തിന്റെ മുൻകൂർ കളക്ഷൻ, മിനിമം കോൺട്രാക്ട് സൈസ്, ആഴ്ചതോറുമുള്ള കരാർ കാലാവധിയിലെ കുറവ് എന്നിവ ഉൾപ്പടെയുള്ളവയാണ് നിർദേശങ്ങൾ. നിക്ഷേപകരുടെ സംരക്ഷണവും വിപണിയിലെ സ്ഥിരതയും ലക്ഷ്യമിട്ടാണ് നടപടി.
പ്രതിദിന ടേണോവർ 400 ലക്ഷം കോടി രൂപ കവിയുകയും ചെറുകിട നിക്ഷേപകർക്ക് കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമ്പത്തിക വിദഗ്ധർ പ്രകടിപ്പിച്ച ആശങ്കകൾക്കിടെയാണ് സെബിയുടെ ശുപാർശകളെന്നത് ശ്രദ്ധേയമാണ്.
നിർദേശങ്ങൾ നടപ്പാക്കിയാൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ എൻഎസ്ഇയുടെയും ബിഎസ്ഇയുടെയും ലാഭത്തിൽ കുറവുണ്ടാകും. അതേസമയം, ഇക്കാര്യത്തിൽ സെബിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് എൻഎസ്ഇയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാർ ചൗഹാൻ വ്യക്തമാക്കിയിട്ടുണ്ട്.
സെബിയുടെ നിർദേശ പ്രകാരം എക്‌സ്‌ചേഞ്ചുകൾ ഓപ്ഷൻ സെഗ്മെന്റിലെ ഓഫറുകൾ കുറയ്‌ക്കേണ്ടിവരും. ആഴ്ചതോറുമുള്ള കരാറുകൾക്ക് ഒരൊറ്റ ബെഞ്ച്മാർക്ക് നിശ്ചയിക്കേണ്ടിവരും. നിലവിൽ ആഴ്ചയിലെ ഓരോ ദിവസവും ഒരോ സൂചിക അടിസ്ഥാനമാക്കിയുള്ളതാണ്. ഊഹക്കച്ചവടത്തെ പ്രോത്സാപ്പിക്കുന്നതായതിനാലാണ് സെബി ഇതിൽ മാറ്റം നിർദേശിക്കുന്നത്. ഇതോടൊപ്പം മിനിമം കോൺട്രാക്ട സൈസ് നിലവിലെ അഞ്ച് ലക്ഷത്തിൽനിന്ന് 20 ലക്ഷമായി ഉയർത്താനും സെബി ലക്ഷ്യമിടുന്നു.
വ്യക്തികൾക്കും പ്രൊപ്പ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾക്കും 2024 സാമ്പത്തിക വർഷം ശരാശരി 51,689 കോടി രൂപയുടെ സഞ്ചിത നഷ്ടമുണ്ടായതായാണ് സെബിയുടെ കണക്ക്.