CMDRF

സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 61 ദിവസങ്ങൾ

സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 61 ദിവസങ്ങൾ
സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 61 ദിവസങ്ങൾ

വാഷിങ്ടൺ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് കുടുങ്ങിയിട്ട് 61 ദിവസങ്ങൾ പിന്നിട്ടു. എക്സ്പെഡീഷൻ 71 ക്രൂ അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് തുടരുമെന്ന് നാസ വിശദമാക്കുമ്പോഴും സ്റ്റാർലൈനറിന്റെ തകരാറുകൾ ഇനിയും പരിഹരിക്കാനായിട്ടില്ല. ജൂൺ 6നാണ് സുനിത വില്ല്യസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. കുറഞ്ഞ ദിവസങ്ങൾ മാത്രമുള്ള ദൌത്യത്തിന് ശേഷം തിരികെ ഭൂമിയിലേക്ക് എത്തുമെന്ന് വിശദമാക്കിയാണ് ബഹിരാകാശ നിലയത്തിലേക്കെത്തിയതെങ്കിലും ഇരുവരുടേയും മടക്കയാത്ര നീളുകയാണ്.

അന്താരാഷ്ട്ര നിലയത്തിലുള്ള സുനിത വില്യംസ് അടക്കമുള്ളവർക്ക് വിശദമായ കാഴ്ചാ പരിശോധനകൾ നടത്തിയതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോർണിയ, ലെൻസ്, ഒപ്ടിക് നെർവ് എന്നിവയുടെ വിശദമായ ചിത്രങ്ങളെടുത്താണ് പരിശോധന നടത്തിയതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് വിശദമാക്കുന്നത്. ഭൂമിയിൽ നിന്നുള്ള നേത്രവിദഗ്ധർ പരിശോധന സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്. ദീർഘകാലം ബഹിരാകാശത്ത് കഴിയേണ്ടി വരുന്നതിന് പിന്നാലെയുണ്ടാവുന്ന കാഴ്ച സംബന്ധിയായ പ്രശ്നങ്ങളെ ഭാവിയിൽ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

ദീർഘകാലം ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരുന്നത് ആരോഗ്യത്തിന് സാരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. തലച്ചോറും കണ്ണുകളുമായുള്ള ഏകോപനവും കയ്യും കണ്ണുമായുള്ള ഏകോപനവും അടക്കം സാരമായി ബാധിക്കാനുള്ള സാധ്യതയാണ് ഗുരുത്വാകർഷണ ബലത്തിന് പുറത്തുള്ള താമസം ബഹിരാകാശ സഞ്ചാരികൾക്ക് സൃഷ്ടിക്കാറുണ്ട്. ശരീരത്തിലെ ഫ്ലൂയിഡുകൾ തലയിലേക്കെത്താനും ഇത് മൂലം കണ്ണുകളിൽ സമ്മർദ്ദമേറാനും സാധ്യതകൾ ഏറെയാണ്. കൃത്യമായി അഭിമുഖീകരിക്കപ്പെട്ടില്ലെങ്കിൽ ബഹിരാകാശ യാത്രികർക്ക് വൃക്ക സംബന്ധിയായ തകരാറുകളുണ്ടാവാനുള്ള സാധ്യതകളും ഏറെയാണ്. നിർജ്ജലീകരണം നിമിത്തമുള്ള കിഡ്നി സ്റ്റോണാണ് ഇതിൽ പ്രധാനം. ഭാരം അനുഭവപ്പെടാത്ത അവസ്ഥയിൽ ഏറെക്കാലം കഴിയേണ്ടി വരുന്നത് മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകും. എല്ലുകളുടെ ശക്തി കുറഞ്ഞ് ഒടിയാനുള്ള സാധ്യതകളുണ്ട്.

സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് യുഎസ് സ്‌പേസ് ഏജൻസി ആലോചിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിഎൻഎൻ നരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാമധ്യേ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാൻ ബോയിങ്ങിന്റെ സ്റ്റാർലൈനർ പര്യാപ്തമാകുമെന്നാണ് നാസ നൽകുന്ന സൂചന.

Top