വിരമിച്ച ദമ്പതികൾ അത് വരെയുള്ള സമ്പാദ്യം മുഴുവൻ ബാങ്കിൽ നിക്ഷേപിക്കുന്നു സ്മാർട്ട്ഫോൺ ഉപയോഗിച്ച് പരിചയമില്ലാത്ത ഇരുവരുടേയും അകൗണ്ടിൽ നിന്ന് 60 ലക്ഷം രൂപ മോഷ്ടിച്ചത് സ്വന്തം ഡ്രൈവറും. 2018 ൽ നടന്ന സംഭവത്തിൽ നീതി തേടി നീണ്ട നിയമ പോരാട്ടത്തിലൂടെ ബാങ്കിൽ നിന്ന് മുതലും പലിശയും നേടിയെടുത്തിരിക്കുകയാണ് ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ. ഇരുവരുടേയും വിശ്വാസം നേടിയെടുത്ത് ഡ്രൈവർ തുക മുഴുൻ തൻറെ അകൗണ്ടിലേക്ക് മാറ്റി രക്ഷപ്പെടുകയായിരുന്നു. ദമ്പതികളുടെ ഫോണും എസ്ബിഐ യോനോ ആപ്പും ഉപയോഗിച്ചായിരുന്നു ഡ്രൈവർ തട്ടിപ്പ് നടത്തിയത്.
ജീവിതകാലം മുഴുവൻ അധ്വാനിച്ച് സമ്പാദിച്ച പണം മുഴുൻ നഷ്ടപ്പെട്ടതോടെ ദമ്പതികൾ മോഷണം എസ്ബിഐയിൽ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ബാങ്കിൻറെ പ്രതികരണത്തിൽ തൃപ്തരല്ലാതായതോടെ ഇരുവരും ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തെലങ്കാന സംസ്ഥാന ഉപഭോക്തൃ കമ്മീഷനും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും ഇരുവർക്കും അനുകൂലമായി വിധിയെഴുതിയിരിക്കുകയാണ്. ദമ്പതികളുടെ മൊബൈൽ ഫോണിൻറെ അനധികൃത ഉപയോഗവും മൊബൈൽ ബാങ്കിംഗ് പാസ്വേഡ് മറ്റ് വ്യക്തികളുമായി പങ്കിടുകയും ചെയ്തതാണ് തട്ടിപ്പിന് വഴി വച്ചത് എന്നായിരുന്നു എസ്ബിഐുടെ വാദം. ഇത് കാരണമാണ് ഡ്രൈവർ തട്ടിപ്പ് നടത്തിയതെന്നും ഇത് ദമ്പതികളുടെ ഒത്താശയോടെയോ അശ്രദ്ധമൂലമോ ആണ് സംഭവിച്ചതെന്നും എസ്ബിഐ കുറ്റപ്പെടുത്തി.
എന്നാൽ ബാങ്ക് ശരിയായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാത്തതാണ് തട്ടിപ്പിന് കാരണമെന്നും മെച്ചപ്പെട്ട സുരക്ഷയുണ്ടെങ്കിൽ തടയാമായിരുന്നുവെന്നും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പറഞ്ഞു. പ്രായമായ ഉപഭോക്താക്കളെ സംരക്ഷിക്കാൻ ബാങ്കുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ദുർബലരായ ഉപഭോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ബാങ്ക് പുതിയ സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ ഈ തട്ടിപ്പ് തടയാനാകുമായിരുന്നെന്ന് എൻസിഡിആർസി ചെയർമാൻ അംഗം എവിഎം ജെ രാജേന്ദ്ര ഉത്തരവിൽ വിശദീകരിച്ചു.ദമ്പതികൾക്ക് 63.74 ലക്ഷം രൂപ തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ച തെലങ്കാന സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻറെ ഉത്തരവ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ശരിവച്ചു. ഇതുകൂടാതെ, പ്രതിവർഷം 9 ശതമാനം പലിശയും 3.20 ലക്ഷം രൂപ അധിക നഷ്ടപരിഹാരവും നൽകാനും ഉത്തരവിട്ടിട്ടുണ്ട്, 97,06,491 രൂപയായിരിക്കും ഈ തുക.