സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിവാദമായ ആത്മഹത്യാപെട്ടി (സൂയിസൈഡ് കാപ്‌സ്യൂള്‍)യില്‍ 64 കാരി ജീവനൊടുക്കി. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് നിരവധി പേരെ സ്വിസ് പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മ്മന്‍ അതിര്‍ത്തിയിലുള്ള ഷാഫ്ഹൗസണിലെ വടക്കന്‍ കന്റോണ്‍ പൊലീസ് പരിധിയിലെ വനത്തിലാണ് സംഭവം.മരിച്ചയാളെക്കുറിച്ചോ പിടിയിലായവരെ കുറിച്ചോ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും സഹായിച്ചതിനും നിരവധി പേര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതായി ഷാഫ്ഹൗസണ്‍ പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍, 64 വയസ്സുകാരിയായ അമേരിക്കന്‍ സ്ത്രീയാണ് മരിച്ചതെന്ന് ‘സാര്‍കോ’ എന്ന പേരിലുള്ള സൂയിസൈഡ് കാപ്‌സ്യൂള്‍ നിര്‍മിച്ച ആത്മഹത്യാ അനുകൂല സംഘടനയായ ‘ദി ലാസ്റ്റ് റിസോര്‍ട്ട്’ വക്താവ് പറഞ്ഞു. ‘ദ ലാസ്റ്റ് റിസോര്‍ട്ട്’ സഹസ്ഥാപകന്‍ ഫ്‌ലോറിയന്‍ വില്ലെറ്റും ഒരു ഡച്ച് പത്രപ്രവര്‍ത്തകനും രണ്ട് സ്വിസ് പൗരന്‍മാരും പിടിയിലായതായും അദ്ദേഹം പറഞ്ഞു. സ്ത്രീ മരിക്കുന്ന സമയത്ത് വില്ലെറ്റ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതത്രെ. ഇതിന്റെ ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഓക്‌സിജന്റെ അളവ് കുറച്ച് പകരം നൈട്രജന്‍ വാതകം കടത്തിവിട്ടാണ് ആത്മഹത്യപെട്ടി പ്രവര്‍ത്തിപ്പിക്കുന്നത്.
നെതര്‍ലാന്‍ഡിലാണ് സാര്‍കോ രൂപകല്പന ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷമായി നെതര്‍ലാന്‍ഡില്‍ താമസിക്കുന്ന ആസ്ട്രേലിയന്‍ ഡോക്ടറും ഭൗതികശാസ്ത്രജ്ഞനുമായ ക്രിയേറ്റര്‍ നിറ്റ്ഷ്‌കെ (77)യാണ് ക്യാപ്സ്യൂളിന് പിന്നിലെ ബുദ്ധി കേന്ദ്രം. 30,000 അംഗങ്ങളുള്ള എക്സിറ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനാണ് നിറ്റ്ഷ്‌കെ.