മഥുര: യുപിയിൽ അഴിമതിക്കെതിരെ നിരാഹാരമിരുന്ന സാമൂഹ്യപ്രവർത്തകൻ മരിച്ചു. മഥുരയിലെ മന്ദ് സ്വദേശി ദേവകി നന്ദ് ശർമ(66) ആണ് മരിച്ചത്. മന്ദ് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ അഴിമതി ചൂണ്ടിക്കാട്ടി ഫെബ്രുവരി മുതൽ നിരാഹാരത്തിലായിരുന്നു ശർമ.
പദ്ധതികൾക്കായി അനുവദിച്ച തുക വെട്ടിക്കുന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ശർമ വികസന വകുപ്പിനെതിരെ ആരോപിച്ചിരുന്നത്. ശുചിമുറികൾ നിർമിക്കുന്നതിലും മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി പ്രകാരം നടപ്പാക്കി വരുന്ന പദ്ധതികളിലും വൻ അഴിമതി ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേറ്റിന് നിരവധി പരാതികൾ നൽകുകയും ചെയ്തു.
ആരോപണങ്ങളെ തുടർന്ന് രൂപം നൽകിയ അന്വേഷണ സംഘത്തിൽ ശർമയും ഉണ്ടായിരുന്നെങ്കിലും അന്വേഷണ റിപ്പോർട്ടിൽ ഇദ്ദേഹം തൃപ്തനായിരുന്നില്ല. ഇതിനെ തുടർന്ന് ഫെബ്രുവരി മുതൽ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപം ഇദ്ദേഹം നിരാഹാരം തുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യം തീരെ മോശപ്പെട്ട അവസ്ഥയിലായിരുന്നതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ചൊവ്വാഴ്ച മരണം സ്ഥിരീകരിക്കുകയായിരുന്നു.
മന്ദിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ ആദേശ് കുമാർ തിങ്കളാഴ്ച ശർമയെ കണ്ട് നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നെങ്കിലും ഇദ്ദേഹം തയ്യാറായിരുന്നില്ല. അഴിമതി ആരോപണങ്ങളിൽ പുതിയ അന്വേഷണസമിതി രൂപീകരിച്ച് വീണ്ടും അന്വേഷണം തുടങ്ങണം എന്നായിരുന്നു ശർമയുടെ ആവശ്യം. എന്നാലിത് തന്റെ അധികാരപരിധിക്കും മുകളിലുള്ള കാര്യമായതിനാൽ തനിക്കത് ചെയ്യാനാവില്ലെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു.