6 -ാം ക്ലാസുകാരന്റെ മഴയനുഭവം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പല്‍ ആവശ്യപ്പെട്ടു. പേപ്പര്‍ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി.

6 -ാം ക്ലാസുകാരന്റെ മഴയനുഭവം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
6 -ാം ക്ലാസുകാരന്റെ മഴയനുഭവം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുഞ്ഞുങ്ങള്‍ മൊബൈലിന് അഡിക്ട് ആണ്. അവര്‍ പുറത്തേക്കൊന്നും പോകാറില്ല. മറ്റുകുട്ടികളുടെ കളിക്കാതെ മുഴുവന്‍ സമയവും മൊബൈലില്‍ കളിക്കുകയാണെന്ന് തുടങ്ങി പല പരാതികളും നമ്മള്‍ പറയാറുണ്ട്. ആ പരാതി തിരുത്തിക്കൊണ്ട് വന്നിരിക്കുകയാണ് ആറാം ക്ലാസുകാരന്‍. ഈ കുഞ്ഞ് എഴുതിയ ഒരു മഴ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുട്ടികള്‍ക്ക് മൊബൈല്‍ നോക്കാന്‍ മാത്രമല്ല ചിന്തകളും സങ്കല്പങ്ങളും അനുഭവങ്ങളും സ്വപ്നങ്ങളുമെല്ലാം സുന്ദരമായ ഭാഷയില്‍ പകര്‍ത്തി വെയ്ക്കാനും അറിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടി.

മഴയനുഭവം എഴുതാനുള്ള ചോദ്യത്തിനാണ് മനോഹരമായ ഭാഷയില്‍ ഈ കുട്ടി ഉത്തരമെഴുതിയിരിക്കുന്നത്. നോര്‍ത്ത് പറവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഹരി എസ് എഴുതിയ മഴയനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത് അവന്റെ അമ്മയായ നീതു വത്സന്‍ തന്നെയാണ്. ആ അനുഭവത്തിന്റെ തുടക്കം തന്നെ, ‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു, മഴ വരുകയാണ്’ എന്നാണ്.

Also Read: ഇവനാണ് ഹീറോ; രാജവെമ്പാലയില്‍ നിന്ന് കുട്ടികളെ രക്ഷിച്ച് പിറ്റ് ബുള്‍

കുറിപ്പ് വായിക്കാം:

മഴത്തുള്ളികളിലെ കപ്പല്‍ യാത്ര

‘മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കില്‍ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാല്‍ അതിനും സമ്മതിക്കില്ല ഈ മഴ. ഞാന്‍ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയില്‍ തൂകി നില്‍ക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാന്‍ കൂട്ടുകാരില്‍ നിന്ന് വേര്‍പെടുത്തി.

അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പല്‍ ആവശ്യപ്പെട്ടു. പേപ്പര്‍ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ! എന്റെ കടലാസ് കപ്പല്‍ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പില്‍ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാന്‍ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാല്‍ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാന്‍ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പില്‍ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താന്‍മാര്‍ക്കും തകര്‍ന്നുപോയ എന്റെ കപ്പലിനും ഞാന്‍ ഒരു സല്യൂട്ട് കൊടുത്തു.’

ശ്രീഹരി എസ്
6B, ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, നോര്‍ത്ത് പറവൂര്‍.

Top