വയനാട് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 327 പേര്‍ക്കെന്ന് സ്ഥിരീകരണം. ഇന്ന് 11 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ചൂരല്‍മല സ്കൂളിനടുത്ത് ഒരു കുടുംബത്തിലെ നാലുപേരുടെയും ചാലിയാറില്‍ നിന്ന് മൂന്നും വെള്ളാര്‍മല സ്കൂളില്‍ നിന്ന് ഒന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ ചാലിയാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ 177 ആയി. ചാലിയാറിലും പരിസരത്തും ഡോഗ് സ്ക്വാഡ് പരിശോധന തുടരുകയാണ്. നേവിയുടെ ഹെലികോപ്റ്ററും ദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ്, പൊലീസ്, നീന്തല്‍ വിദഗ്ധരായ നാട്ടുകാര്‍ എന്നിവരും ഫയര്‍ഫോഴ്സിന് പുറമെ രക്ഷാദൗത്യത്തിനിറങ്ങിയിട്ടുണ്ട്.
ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി 287 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ സാധ്യമായ എല്ലാ രീതിയിലും തിരച്ചില്‍ നടത്തുകയാണ്. മുണ്ടക്കൈ പ്രദേശത്തെ ആറായി തിരിച്ചാണ് തിരച്ചില്‍. ചാലിയാറിലെ തിരച്ചിലിനായി തമിഴ്നാട്ടില്‍ നിന്നും കഡാവര്‍ നായകള്‍ ഉള്‍പ്പടെ എത്തിയിട്ടുണ്ട്. അതിനിടെ, പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ സൈന്യം രക്ഷപെടുത്തി. ജോണി, ജോമോള്‍, ക്രിസ്റ്റി, എബ്രഹാം എന്നിവരാണ് വീടിനുള്ളിലുണ്ടായിരുന്നത്. കുടുംബം ഒറ്റപ്പെട്ട് കഴിയുന്നതായി അയല്‍വാസികളാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്.
തുടര്‍ന്നാണ് സൈന്യം എത്തിയത്. എയര്‍ലിഫ്റ്റിന്‍റെ ആവശ്യം വരാത്തതിനെ തുടര്‍ന്ന് ഇവരെ പുത്തുമലയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. പടവെട്ടിക്കുന്നിലെ ബ്രൂ റിസോര്‍ട്ടിന് മുകളിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തേക്ക് തിരിച്ചിലിനായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു. 14 വീടുകളാണ് ഇവിടെ നാമാവശേഷമായത്. റിസോര്‍ട്ടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തെര്‍മല്‍ സ്കാനര്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.