ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 70 വയസുകാരന് നഷ്ടമായത് 10 കോടി രൂപ. റിട്ട. എഞ്ചിനീയറായ 70-കാരന്റെ പേരിലയക്കാനുള്ള മാരകമയക്കുമരുന്ന് അടങ്ങിയ പാഴ്സല്‍ പിടികൂടിയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തായ്വാനില്‍ നിന്നെത്തിയ മയക്കുമരുന്ന് കണ്ടെത്തിയതായാണ് തട്ടിപ്പുകാര്‍ അറിയിച്ചത്.
Also Read:സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ‘ബിര്‍സ മുണ്ട ചൗക്ക്’
തന്റെ പേരെഴുതിയ പാഴ്സല്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയെന്ന് തട്ടിപ്പുകാര്‍ പറഞ്ഞതായി എഞ്ചിനീയര്‍ പറഞ്ഞു. എഞ്ചിനീയറുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയതിരുന്നു. പാഴ്സലില്‍ നിരോധിത മയക്കുമരുന്നുണ്ടെന്നും മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു.
നിയമപാലകരെന്ന വ്യാജേന തട്ടിപ്പുകാര്‍ എഞ്ചിനീയറെ നിര്‍ബന്ധിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു. ദുബായില്‍ താമസിക്കുന്ന മകനെയും സിംഗപ്പൂരില്‍ താമസിക്കുന്ന മകളെയും ആക്രമിക്കുമെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പൊലീസിനോട് പറഞ്ഞു.
നഷ്ടമായ തുകയില്‍ 60 ലക്ഷം രൂപ മരവിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. ബാക്കിയുള്ളത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം കണ്ടെത്തുന്നതിനായി സൈബര്‍ വിദഗ്ധരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.