അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് ഏകദേശം 700 കിലോ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഗുജറാത്ത് തീരത്തോട് ചേര്‍ന്ന സമുദ്രാതിര്‍ത്തിയിലാണ് സംഭവം.
നാവികസേനയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ സംശയാസ്പദ സാഹചര്യത്തില്‍കണ്ട ബോട്ട് പരിശോധിക്കുകയും ഏകദേശം 700 കിലോ മെത്താംഫെറ്റാമൈന്‍ പിടികൂടുകയും ചെയ്തതായി നാവികസേന പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം നാവികസേന കടലില്‍ നടത്തിയ രണ്ടാമത്തെ വലിയ വിജയകരമായ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സാഗര്‍ മന്ഥന്‍-4’ എന്ന കോഡ് നാമത്തിലായിരുന്നു ഓപ്പറേഷന്‍. രജിസ്റ്റര്‍ ചെയ്യാത്ത ബോട്ട് അനധികൃത വസ്തുക്കളുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. നാവികസേനയുടെ മാരിടൈം പട്രോളിംഗ് യൂണിറ്റുകള്‍ സംശയാസ്പദമായ ബോട്ട് തടഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെടുക്കുകയും ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിടിയിലായവര്‍ ഇറാനിയന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സ്ഥരീകരിച്ചിട്ടില്ല. ഇറാനിയന്‍ പൗരന്മാരെന്ന് അവകാശപ്പെടുന്ന ഇവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.