ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ 73 കാരന് പരിക്ക്

വീണു കിടക്കുന്ന കുടംപുളി പഴങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കാട്ടാന എത്തിയത്.

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ 73 കാരന് പരിക്ക്
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ 73 കാരന് പരിക്ക്

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാന്തല്ലൂര്‍ പഞ്ചായത്തില്‍ പാമ്പന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 73 കാരന് ഗുരുതരമായി പരിക്കേറ്റു. പാമ്പന്‍പാറ സ്വദേശി തെക്കേല്‍ വീട്ടില്‍ തോമസി (കുഞ്ഞേപ്പ് -73)നാണ് പരിക്കേറ്റത്. വയറിനും കാലുകള്‍ക്കും ആന ചവിട്ടുകയായിരുന്നു. തോമസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ സിസിലി (68) ആനയെ കണ്ടതും ഓടി രക്ഷപ്പെടുമ്പോള്‍ വീണ് കൈയ്ക്ക് ചെറിയ പരിക്ക് പറ്റി.

തിങ്കളാഴ്ച രാവിലെ 6.45 നാണ് സംഭവം. കുടംപുളി പഴങ്ങള്‍ ശേഖരിക്കുവാന്‍ പോയപ്പോഴാണ് തോമസ് ആനയുടെ അതിക്രമത്തിന് ഇരയായത്. സിസിലിയുടെ ഒരു കാലിന് സ്വാധീനമില്ലാത്തതാണ്. കമ്പുകുത്തിയാണ് ഭര്‍ത്താവിനോടൊപ്പം എത്തിയത്. വീണു കിടക്കുന്ന കുടംപുളി പഴങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കാട്ടാന എത്തിയത്. തുമ്പികൈ കൊണ്ട് തോമസിനെ ആക്രമിച്ച ഒറ്റയാന്‍ താഴെ വീണ തോമസിനെ ചവിട്ടുകയും ചെയ്തു. ആനയെ കണ്ടതും എതിര്‍വശത്തേക്ക് കമ്പുകുത്തി ഓടി രക്ഷപ്പെടുന്നതിനിടയിലാണ് സിസിലി വീണത്.

Also Read: ആലത്തൂർ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇരുവരുടേയും നിലവിളി ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തി പരിക്കേറ്റ തോമസിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇരുവര്‍ക്കും പ്രാഥമിക ചികിത്സ നല്കി. തോമസിന്റെ പരിക്ക് അതീവ ഗുരുതരമായതിനാല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോമസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Top