ഗാസ: വിവിധയിടങ്ങളിലായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഒറ്റ ദിവസം 76 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിൽ കമാൽ അദ്വാൻ ആശുപത്രിക്കു സമീപം വീടിനു നേരെ നടത്തിയ ആക്രമണത്തിൽ 17 പേരും, ഒപ്പം ഖാൻ യൂനിസിലെ അഭയാർഥി ടെന്റിനുനേരെയുണ്ടായ ആക്രമണത്തിൽ 2 കുഞ്ഞുങ്ങളടക്കം 8 പേരുമാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 43,922 പലസ്തീനികളാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
Also Read : ഇറാനെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍
ബെയ്റൂത്തിൽ ഇതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫിനെ കൂടാതെ 4 ഉദ്യോഗസ്ഥർ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ മാധ്യമവിഭാഗത്തിൽ പ്രവർത്തിച്ചിരുന്നവരാണിവർ. അതേസമയം ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ശേഷിക്കുന്ന വിഹിതമായ 25 ലക്ഷം ഡോളർ കൂടി ഇന്ത്യ ഇന്നലെ നൽകി. ഇതോടെ 2024–25 ൽ 50 ലക്ഷം ഡോളർ നൽകുമെന്ന വാഗ്ദാനമാണ് ഇന്ത്യ നിറവേറ്റിയത്.