CMDRF

78-ാം സ്വാതന്ത്ര്യദിനം; സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി

78-ാം സ്വാതന്ത്ര്യദിനം; സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി
78-ാം സ്വാതന്ത്ര്യദിനം; സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി

തിരുവനന്തപുരം: 78-ാം സ്വാതന്ത്ര്യ ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് സംസ്ഥാനം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജാതിയേയും വര്‍ഗ്ഗീയതയേയും ചിലര്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രദേശങ്ങള്‍ക്കും ഭരണനിര്‍വഹണത്തില്‍ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേല്‍ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മന്ത്രി വീണാ ജോര്‍ജ്ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്‍ ദേശീയ പതാക ഉയര്‍ത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പതാക ഉയര്‍ത്തി.

പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയര്‍ത്തി. എഎസ്പി അശ്വതി ജിജിയാണ് പരേഡ് നയിക്കുന്നത്. കളക്ടര്‍ എസ് ചിത്ര ഐഎഎസ് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടന്ന 78-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. ആഘോഷ ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐഎഎസ്, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസ്, കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി ഹേമലത ഐപിഎസ് എന്നിവര്‍ പങ്കെടുത്തു.

മലപ്പുറത്ത് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ രാജന്‍ പതാക ഉയര്‍ത്തി. വയനാട്ടുകാരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിനൊപ്പം എല്ലാവരും കൈകോര്‍ക്കുന്നുവെന്നത് ഏറെ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് കെ രാജന്‍ പറഞ്ഞു.

സംസ്ഥാനം ദുരുന്തത്തിന്റെ നടുവിലാണെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് പഠിക്കണം. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്. പ്രകൃതിയെ സംരക്ഷിച്ച് വികസന സമീപനം മാറണം. പുനര്‍വായന അനിവാര്യമാണ്. 2018 മുതല്‍ ദുരുന്തമുണ്ടായിട്ടും ആശിച്ചതു പോലെ മുന്നോട്ട് പോകാന്‍ ആകുന്നില്ല. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരുന്തത്തില്‍ മരിച്ചവര്‍ക്ക് ആദരവേകുന്നു. വിലങ്ങാടും വയനാടും എത്തി ചേര്‍ന്ന ആയിരങ്ങളുടെ വികാരമാണ് കേരളത്തിന്റെ വികാരമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

Top