ബ്രസീലിലെ വിമാന ദുരന്തം; മരിച്ചവരിൽ 8 ക്യാൻസർ രോഗ വിദഗ്ധരും

ബ്രസീലിലെ വിമാന ദുരന്തം; മരിച്ചവരിൽ 8 ക്യാൻസർ രോഗ വിദഗ്ധരും
ബ്രസീലിലെ വിമാന ദുരന്തം; മരിച്ചവരിൽ 8 ക്യാൻസർ രോഗ വിദഗ്ധരും

ബ്രസീലിലെ സാവോപോളോയ്ക്ക് സമീപമുണ്ടായ വിമാനം അപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ടവരിൽ 8 ക്യാൻസർ രോഗ വിദഗ്ധരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച്ചയാണ് സാവോപോളോയിലേക്ക് പോകുകയായിരുന്ന റീജിയണൽ ടർബോപ്രോപ്പ് വിമാനം വിൻഹെഡോയ്ക്ക് സമീപമുള്ള ഒരു ജനവാസ മേഖലയിൽ തകർന്നു വീണത്.

അപകടത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. ക്യാൻസർ രോഗ സംബന്ധിയായ കോൺഫറൻസിൽ പങ്കെടുക്കാനായി പുറപ്പെട്ട എട്ട് ഡോക്ടർമാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. എടിആർ നിർമ്മിത വിമാനം വീടുകൾക്ക് സമീപമുള്ള മരക്കൂട്ടത്തിലേക്ക് വീഴുന്നതിന് മുമ്പ് നിയന്ത്രണം വിട്ട് കറങ്ങുന്നതും തുടർന്ന് വലിയ കറുത്ത പുക ഉയരുന്നതും സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ കാണിക്കുന്നു.

വോപാസ് എയർലൈനിന്റെ ചെറുവിമാനമാണ് തകർന്നത്. അപകടത്തിൽ കൊല്ലപ്പെട്ട 62 പേരുടയും മൃതദേഹം വീണ്ടെടുത്തതായി രക്ഷാപ്രവർത്തകർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാർക്കൊപ്പം മറ്റൊരാൾ കൂടെ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവർത്തകർ ശനിയാഴ്ച വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് റീജിയണൽ മെഡിക്കൽ കൌൺസിൽ എട്ട് ഡോക്ടർമാരുടെ മരണം സ്ഥിരീകരിക്കുന്നത്.

15 ഡോക്ടർമാരാണ് കോൺഫറൻസിൽ പങ്കെടുക്കാനായി ഈ വിമാനത്തിൽ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ 7 പേർ ഇതിന് മുൻപുള്ള സർവ്വീസുകൾ തെരഞ്ഞെടുത്തതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. യൂണിയോസ്റ്റെ സർവ്വകലാശാലയിലെ നാല് പ്രൊഫസർമാരും ഈ അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 34 പുരുഷൻമാരും 28 സ്ത്രീകളുടേയും മൃതദേഹം സാവോ പോളയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് വയസ് പ്രായമുള്ള കുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ.

Top