ചെന്നൈ: തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ ആസ്ട്രോങിൻറെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പിയുടെ ദേശീയ അധ്യക്ഷ മായാവതി. ആംസ്ട്രോങിൻറെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മായാവതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. കൊലപാതകത്തിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംസ്ട്രോങിൻറെ കുടുംബാംഗങ്ങളെ നേരിൽ കണ്ട മായാവതി സംസ്കാര ചടങ്ങിലും പങ്കെടുത്തു.
കൊലപാതകത്തിൽ ഇപ്പോൾ അറസ്റ്റിലായവർ യഥാർത്ഥ പ്രതികളല്ലെന്നും ഇതൊരു രാഷ്ട്രീയ കൊലയാണെന്നും മായവതി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ ചെന്നൈ സെൻട്രലിൽ ബി എസ്പി പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരേയും രൂക്ഷ വിമർശനമാണ് മായാവതി ഉന്നയിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ നീതി ഉറപ്പാക്കില്ലെന്നും അവർ ആരോപിച്ചു.
അതേസമയം ആംസ്ട്രോങിൻറെ കൊലപാതകത്തിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. സംഭവം ഗുണ്ടാപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. അറസ്റ്റിലായവരിൽ ഒരാൾ നേരത്തേ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആർക്കോട് സുരേഷിൻറെ സഹോദരനാണ്. ഇയാൾക്ക് ആംസ്ട്രോങിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചെന്നൈയിൽ ബിഎസ്പി തമിഴ്‌നാട് അധ്യക്ഷൻ കെ ആസ്ട്രോങ് വെട്ടേറ്റു മരിച്ചത്. ചെന്നൈ പെരമ്പൂരിലെ ആസ്ട്രോങിന്റെ വീടിന് സമീപമായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘം തുടരെ തുടരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലർ കൂടിയായ ആംസ്ട്രോങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.