ഗസ സിറ്റി: ഗസയിലെ ഇസ്രായേല്‍ നരനായാട്ട് തുടങ്ങിയിട്ട് 250 ദിവസം പിന്നിട്ടു. ഇസ്രായേലിനു മേലെയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളും നിയമങ്ങളും വകവയ്ക്കാതെയാണ് ഇസ്രായേല്‍ ക്രൂരത തുടരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം യുദ്ധത്തിന്റെ ഇരകളാണ്. ഇതുവരെ 15, 694 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 17,000 കുട്ടികള്‍ മാതാപിതാക്കളില്ലാതെ അനാഥരാക്കപ്പെട്ടു.
അഞ്ചുവയസിനു താഴെയുള്ള 8,000 കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ വിശന്നു കരയുകയാണ്. ഈ കുഞ്ഞുങ്ങളുടെ കണ്ണുനീര്‍ പോലും കാണാതെ ഗസയെ മരുപ്പറമ്പാക്കുകയാണ് ഇസ്രായേല്‍.
ഗസയില്‍ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നില്ല. അതിനിടെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്‍മാരുടെ ബന്ധുക്കള്‍ വെടിനിര്‍ത്തലിനായി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിക്കാത്ത നെതന്യാഹു സര്‍ക്കാര്‍ രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാകണമെന്നാണ് ഹമാസിന്റെ ആവശ്യം. എട്ടുമാസത്തിലേറെയായി തുടരുന്ന വംശഹത്യക്കിടെ ആദ്യമായി യു.എസ് അവതരിപ്പിച്ച വെടിനിര്‍ത്തല്‍ കരാര്‍ തിങ്കളാഴ്ച യു.എന്‍ രക്ഷാസമിതി അംഗീകരിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ പദ്ധതിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നെതന്യാഹു അനുകൂലമായോ പ്രതികൂലമായോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഹമാസ് കരാര്‍ അംഗീകരിക്കുന്നുണ്ട്. കരാര്‍ ജോ ബൈഡന്റെ തെരഞ്ഞെടുപ്പു കാലത്തെ അജണ്ടയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.