ദോഹ: ജൂൺ 30ലെ കണക്കുകൾ അനുസരിച്ച് സ്വദേശികളും, വിദേശികളുമടക്കം ഖത്തറിൽ നിലവിലുള്ളത് 28.57 ലക്ഷം പേരാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും കൂടിയ ജനസംഖ്യ റിപ്പോർട്ട് ചെയ്‌തത്. 31,28,983 പേരാണ് അന്ന് രാജ്യത്തുണ്ടായിരുന്നതെങ്കിൽ മാർച്ചിൽ 31,19,589 ആയും ഏപ്രിലിൽ 30,98,866 ആയും മേയിൽ 30,80,804 ആയും കുറഞ്ഞു. ധാരാളം പ്രവാസികൾ നാട്ടിൽ പോയതാണ് കുറവിന് കാരണം. അവധിയാഘോഷത്തിന് വിദേശത്തു പോയ ഖത്തരികളുടെ എണ്ണം കുറക്കാതെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്. എന്നാൽ, സന്ദർശക വിസയിൽ ഉൾപ്പെടെ രാജ്യത്തെത്തിയ വിദേശികളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
2008 ഒക്ടോബറിലെ കണക്കനുസരിച്ച് 15,41,130 ആയിരുന്നു ജനസംഖ്യ. 16 വര്‍ഷം കൊണ്ട് 85 ശതമാനത്തിലേറെ വര്‍ധനയുണ്ട്. വിനോദസഞ്ചാരം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവക്കായി രാജ്യത്ത് സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് സമീപ വര്‍ഷങ്ങളിലെ വര്‍ധനക്ക് കാരണം. നാല് ലക്ഷത്തോളമാണ് ശരാശരി സന്ദര്‍ശകരുടെ എണ്ണം. ഏറ്റവും കൂടുതല്‍ സന്തര്‍ശകര്‍ ജി.സി.സി രാജ്യങ്ങളില്‍നിന്നാണ്, യൂറോപ്പില്‍നിന്ന് 19.2 ശതമാനം ജി.സി.സി ഒഴികെ അറബ് രാജ്യങ്ങളില്‍നിന്ന് എട്ട് ശതമാനം, യു.എസില്‍നിന്ന് 6.2 ശതമാനം, മറ്റു രാജ്യങ്ങളില്‍നിന്ന് 22.9 ശതമാനം എന്നിങ്ങനെയാണ് സന്ദര്‍ശക വിസയില്‍ രാജ്യത്തുള്ളവരുടെ കണക്ക്.