ലോക പൊലീസ് ചമയുന്ന അമേരിക്കയെയും അവരുടെ പിന്തുണയോടെ വംശഹത്യ നടത്തുന്ന ഇസ്രയേലിനെയും ശക്തമായി എതിര്‍ക്കുന്ന മനസ്സുകളില്‍ ഒരു ഹീറോ പരിവേഷമാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ഇപ്പോഴുള്ളത്. റഷ്യന്‍ നിര്‍മ്മിത ആധുനിക റൈഫിളും കൈയിലേന്തി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഖമേനി ഇറാന്‍ സൈന്യത്തിനും ആ രാജ്യത്തിലെ ജനങ്ങള്‍ക്കും മാത്രമല്ല ലോകത്തിലെ അമേരിക്കന്‍ വിരുദ്ധ ചേരിക്കും വലിയ ആവേശമാണ്.
റഷ്യയുടെ ആധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ ഇറാനിലേക്ക് പ്രവഹിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റഷ്യന്‍ നിര്‍മ്മിത റൈഫിളുമായി ഖമേനി ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇസ്രയേലിനെ പേടിച്ച് ഖമേനി ഭൂഗര്‍ഭ അറയില്‍ ഒളിച്ചുവെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചരണത്തിനേറ്റ പ്രഹരം കൂടിയായിരുന്നു പൊതുവേദിയിലെ ഈ പ്രത്യക്ഷപ്പെടല്‍ എന്നതും ശ്രദ്ധേയമാണ്.
ഇസ്രയേലിനെ ചെറുക്കുന്നതില്‍ നിന്ന് ഇറാനും സഖ്യകക്ഷികളും പിന്നോട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നുമാണ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെഹ്‌റാനില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന പ്രാര്‍ത്ഥനയ്ക്കും ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള അനുസ്മരണത്തിനും ശേഷമാണ് പതിനായിരങ്ങളെ സാക്ഷിയാക്കി ഖമേനി തുറന്നടിച്ചത്. ഇസ്രയേലിന്റെ വ്യോമാക്രമണ ഭീഷണി അവഗണിച്ച് പൊതുവേദിയിലെത്തിയ ഖമേനിയുടെ പ്രസംഗം അമേരിക്കയെയും അമ്പരപ്പിച്ചിട്ടുണ്ട്.
‘ഹമാസിന്റെയോ ഹിസ്ബുള്ളയുടെയോ ആക്രമണങ്ങള്‍ ഏറെനാള്‍ അതിജീവിക്കാന്‍ ഇസ്രയേലിന് ത്രാണിയില്ലെന്നും അമേരിക്കന്‍ സഹായംകൊണ്ടു മാത്രമാണ് അവര്‍ പിടിച്ചുനില്‍ക്കുന്നതെന്നുമാണ്’ ഖമേനി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസ്സെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.അഫ്ഗാനിസ്ഥാന്‍ മുതല്‍ യെമന്‍ വരെയും ഇറാന്‍ മുതല്‍ പലസ്തീന്‍ വരെയുമുള്ള രാഷ്ട്രങ്ങള്‍ ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒത്തുചേരണമെന്നും ഖമേനി ആഹ്വാനം ചെയ്യുകയുണ്ടായി.
ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് നല്‍കാവുന്ന കുറഞ്ഞ ശിക്ഷയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇറാനെ ഇനി ഇസ്രയേല്‍ ആക്രമിച്ചാല്‍ അത് വലിയ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. ഇറാന്‍ ഇസ്രയേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണം അമേരിക്കന്‍ ഓഹരി വിപണിയെ പോലും ഉലച്ച സ്ഥിതിക്ക് ഇറാന്‍ യുദ്ധത്തിനിറങ്ങിയാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ യുദ്ധം ചെയ്ത് പാരമ്പര്യമുള്ള രാജ്യമാണ് ഇറാന്‍. ആ രാജ്യത്തെ ഒരിക്കലും ഭീഷണിപ്പെടുത്തി പിന്‍മാറ്റാന്‍ അമേരിക്കന്‍ ചേരിക്ക് സാധിക്കുകയില്ല. മാത്രമല്ല, ഇറാന് നേരെ ആക്രമണം നടന്നാല്‍ ഇറാനും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും എവിടെയൊക്കെ ടാര്‍ഗെറ്റ് ചെയ്യുമെന്നതിനെ കുറിച്ചും അമേരിക്കയ്ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ അമേരിക്കന്‍ ചേരിയോട് അടുപ്പത്തില്‍ നില്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങള്‍ക്ക് പോലും യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ നിലപാട് മാറ്റേണ്ടതായി വരും.
ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം തുര്‍ക്കിയും ഇതിനകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയില്‍ അംഗമാണ് തുര്‍ക്കി എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ക്കും ഇനിയും അമേരിക്കന്‍ ചേരിയില്‍ നില്‍ക്കുക ബുദ്ധിമുട്ടാകും. ഇറാനോട് ശത്രുതയുണ്ടെങ്കിലും അമേരിക്കന്‍ ചേരിയില്‍ ഇനിയും നിന്നാല്‍ അങ്ങനെ നില്‍ക്കുന്ന അറബ് രാജ്യങ്ങളുടെ ഭരണാധികാരികള്‍ മുസ്ലീം ജനവിഭാഗങ്ങളില്‍ നിന്നാണ് ഒറ്റപ്പെടുക.
അരലക്ഷത്തോളം പലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രയേല്‍ സൈന്യം ലെബനനിലും ആയിരങ്ങളെയാണ് കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. യെമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലും അനവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പ്രതികാരം ചെയ്യണമെന്ന് ലോകത്ത് ആഹ്വാനം ചെയ്യുന്ന ഒരൊറ്റ നേതാവാണുള്ളത്. അതാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. 85 വയസ്സുള്ള ഈ ഇറാന്‍ നേതാവാണിപ്പോള്‍ ലോകത്തെ ചെറുപ്പക്കാര്‍ അടക്കമുള്ള മുസ്ലിം സമുദായത്തിന്റെ ഹീറോയായി മാറിയിരിക്കുന്നത്.
ഖമേനിയെ സംബന്ധിച്ച് വാക്കും പ്രവര്‍ത്തിയും ഒന്നു തന്നെയാണ്. പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതാണ്. അതാണ് ഇറാന്‍ സേന ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഇനി ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ ഭയാനകമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതും ഇറാന്‍ സേന എന്തായാലും നടപ്പാക്കും. അത് ഏത് രൂപത്തിലാകുമെന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. ഇറാനും അതിന്റെ പരമോന്നത നേതാവായ ഖമേനിക്കും ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്‍പ്പെടെ പിന്തുണയേറി വരുന്നത് അമേരിക്കയ്ക്ക് മാത്രമല്ല ഇത്തരം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും വല്ലാതെ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
ഖമേനി ഇറാന്റെ രാഷ്ട്രത്തലവന്‍ മാത്രമല്ല അതിന്റെ സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍-ചീഫ് കൂടിയാണ്. കൂടാതെ ഇറാന്റെ സമ്പദ്വ്യവസ്ഥ ഉള്‍പ്പെടെ നിരവധി മേഖലകളിലെ ഗവണ്‍മെന്റിന്റെ പ്രധാന നയങ്ങളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും അന്തിമ തീരുമാനങ്ങള്‍ എടുക്കുവാനും അദ്ദേഹത്തിന് അധികാരമുണ്ട്. 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് ഇറാന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു ഖമേനി. ഇറാന്റെ ശക്തരായ റെവല്യൂഷണറി ഗാര്‍ഡുകളുമായി ആഴത്തിലുള്ള ബന്ധമാണ് ഇറാന്‍ പരമോന്നത നേതാവിനുള്ളത്.
1981 ജൂണില്‍ ഒരു വധശ്രമത്തിന് ഇരയായെങ്കിലും അതിനെയും ഖമേനി അതിജീവിച്ചു. മുഹമ്മദ് റെസ പഹ്ലവിയുടെ ഭരണകാലത്ത് മൂന്ന് വര്‍ഷത്തേക്ക് നാടുകടത്തുന്നതിന് മുമ്പ് ഖമേനിയെ ആറ് തവണ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ചരിത്രമാണ്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ ഖമേനിയെ സംബന്ധിച്ച് 85 വയസ്സ് പിന്നിടുമ്പോഴും ചെറുപ്പക്കാരനായ ഒരു പേര്‍ഷ്യന്‍ പോരാളിയുടെ മനസ്സാണുള്ളത്. ഇറാന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ ഏത് നിമിഷവും ആക്രമിക്കുമെന്ന് തന്നെയാണ് ഇറാന്‍ പരമോന്നത നേതാവ് വിലയിരുത്തുന്നത്. അത്തരം ഒരു സാഹചര്യത്തില്‍ കനത്ത ആക്രമണം നടത്താനാണ് അദ്ദേഹം സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ റഷ്യയുടെയും ഉത്തര കൊറിയയുടെയും ഇടപെടലും ഉണ്ടാകും. അമേരിക്കയ്ക്കെതിരെ ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന നിലപാടിലാണ് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയ്ക്കുള്ളത്. ഉത്തര കൊറിയ ഹിസ്ബുള്ളയ്ക്കും ഇറാനും മിസൈലുകള്‍ നല്‍കി വരുന്നതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ഉത്തര കൊറിയയെ ആര് ആക്രമിച്ചാലും ഇടപെടുമെന്നതാണ് മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ പ്രഖ്യാപിത നയം. ഈ രണ്ടു രാജ്യങ്ങളുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന റഷ്യയാകട്ടെ പുതിയ ശാക്തിക ചേരി സൃഷ്ടിക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്ക് ബദലായി മറ്റൊരു സൈനിക സഖ്യം വേണമെന്ന നിലപാടിലേക്ക് റഷ്യയും ഇപ്പോള്‍ മാറിയിട്ടുണ്ട്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭീഷണിയെ അതിജീവിക്കാന്‍ രൂപീകരിക്കപ്പെട്ട നാറ്റോ സഖ്യത്തെ സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും പിരിച്ചുവിടാന്‍ അമേരിക്ക തയ്യാറായിട്ടില്ല.
അതുകൊണ്ടുതന്നെ, നാറ്റോയ്ക്ക് ബദല്‍ വേണമെന്ന കാര്യത്തില്‍ റഷ്യയ്ക്ക് മാത്രമല്ല ചൈനയ്ക്കും യോജിപ്പാണുള്ളത്. ഇത്തരം ഒരു സഖ്യം സാധ്യമായാല്‍ അതില്‍ ഉത്തര കൊറിയയും ഇറാനും ഉള്‍പ്പെടെ സകല അമേരിക്കന്‍ വിരുദ്ധ രാജ്യങ്ങളും അണിചേരാനാണ് സാധ്യത. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടാല്‍ ഇന്ത്യയും അനുകൂലമായി പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രമുഖ നയതന്ത്ര വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായി അത് മാറും. ഇപ്പോള്‍ത്തന്നെ, ഡോളറിനെതിരായ ബദല്‍ നീക്കവുമായി ഇന്ത്യയും ചൈനയും റഷ്യയും ഇറാനും ഉള്‍പ്പെടെ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ മുന്നോട്ട് പോകുന്നുണ്ട്. ഇതും അമേരിക്കന്‍ ചേരിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വീഡിയോ കാണാം