കസാക്കിസ്ഥാനിലെ അത്റോയിൽ ജൂൺ – ജൂലൈ മാസങ്ങളിൽ മാത്രം 485 ഒട്ടകങ്ങൾക്കാണ് ബ്ലാക്ക് വിഡോ സ്പൈഡർ എന്ന ചിലന്തിയുടെ കടിയേറ്റത്. അവയിൽ 90 മൃഗങ്ങളും മരണപ്പെട്ടു. ഈ മേഖലയിൽ കടിയേറ്റ ഒട്ടകങ്ങളിൽ 89 എണ്ണം ഇപ്പോഴും ചികിത്സയിലാണെന്നും ചികിത്സയിലൂടെ 306 മൃഗങ്ങള്‍ അതിജീവിച്ചെന്നും കസാക്കിസ്ഥാനിലെ ന്യൂസ് ഏജൻസിയായ കാസിൻഫോം റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് വിഡോ സ്പൈഡറിന്റെ ആക്രമണം മൂലം കസാക്കിസ്ഥാനിലെ കര്‍ഷകര്‍ക്ക് ഇതുവരെയായി 65.2 ദശലക്ഷം രൂപയാണ് നഷ്ടം.
കറുത്ത നിറത്തിൽ ചുറ്റപ്പെട്ടതും ചുവപ്പ് വൃത്തവും ഓറഞ്ചോ തവിട്ടോ നിറത്തിലുള്ള വരകളുമാണ് ഈ വിഭാഗം ചിലന്തിയുടെ ശരീരത്തിലുണ്ടാവുക. ഈ വിഭാഗത്തിൽപ്പെട്ട ചിലന്തികളെ അടുത്തിടെ ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. ഇത്തരം ചിലന്തികളെ ഒമാനിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നു. വീടുകൾ, പുന്തോട്ടങ്ങൾ, ഷെഡുകൾ, ധാന്യപ്പുരകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വിഭാഗം ചിലന്തികളെ സാധാരണയായി കണ്ടുവരുന്നത്. ഇത് വിഷമുള്ള ചിലന്തിയായാണ് അറിയപ്പെടുന്നതെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. കടിച്ചാൽ തടിപ്പോടുകൂടിയ വേദന, മസിൽ ശക്തിക്കുറവ് എന്നിവയാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം മനം പുരട്ടൽ, ഛർദി, അടിവയറ്റിലെ കൊളുത്തിവലി മൂലമുള്ള വേദന എന്നിവ അനുഭവപ്പെടും.