ടോക്കിയോ : ജപ്പാനിലെ പ്രമുഖ ഭക്ഷണ ശൃംഖല തയ്യാറാക്കിയ പരമ്പരാഗത ഈല്‍ മത്സ്യം കഴിച്ച 90കാരിക്ക് ദാരുണാന്ത്യം. ടോക്കിയോയിലെ നിഹോംബാഷി ഇസൈസാഡായില്‍ നിന്ന് തദ്ദേശീയ വിഭവം വാങ്ങി കഴിച്ച 150 ഓളം പേരാണ് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതര രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 90കാരിയാണ് മരണത്തിന് കീഴടങ്ങിയത്. നിഹോംബാഷി ഇസൈസാഡായില്‍ നിന്ന് തയ്യാറാക്കിയ ഗ്രില്‍ഡ് ഈല്‍ ടോക്കിയോയ്ക്ക് സമീപത്തുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലൂടെയായിരുന്നു വില്‍പന നടത്തിയിരുന്നത്. ഗ്രില്‍ഡ് ഈലിന്റെ 1700 സെറ്റുകളാണ് ഇവിടെ നിന്ന് വിറ്റുപോയിട്ടുള്ളത്.
വേനല്‍ രൂക്ഷമാകുമ്പോള്‍ ഈല്‍ മത്സ്യം ഗ്രില്ല് ചെയ്ത് കഴിക്കുന്നത് ജപ്പാന്‍കാരുടെ തനതായ രീതിയാണ്. ചൂടിന് പ്രതിരോധിക്കാനായി മരുന്നെന്ന രീതിയിലാണ് ഈല്‍ മത്സ്യങ്ങളെ ഗ്രില്‍ ചെയ്ത് കഴിക്കുന്നത്. രോഗബാധിതരുടെ സാംപിളുകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളില്‍ സ്റ്റെഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഭക്ഷണം വിതരണം ചെയ്ത കേയ്ക്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ സംഭവത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. സ്റ്റോറില്‍ ഭക്ഷണം പാകം ചെയ്തിരുന്ന ഏതാനും പാചക തൊഴിലാളികള്‍ ഗ്ലൌസ് ധരിച്ചിരില്ലെന്നും ഇവര്‍ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഭക്ഷണ ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്തിയ ശേഷമാകും തുടര്‍ നടപടികളെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.
അടുത്തിടയാണ് ടോക്കിയോയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയത്. രാജ്യ തലസ്ഥാനത്ത് പലയിടങ്ങളിലും കൂളിംഗ് ഷെല്‍ട്ടറുകള്‍ അടക്കമുള്ളവ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അപകടകരമായ രീതിയിലുള്ള ശാരീരികമായ അഭ്യാസങ്ങളില്‍ ഏര്‍പ്പെടുത്തരുതെന്നാണ് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. 38 ഡിഗ്രിയിലും അധികം ചൂടാണ് ശനിയാഴ്ച ജപ്പാനില്‍ പലയിടത്തും അനുഭവപ്പെട്ടത്.