ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ കഴിഞ്ഞ രണ്ട് വര്ഷം കൊണ്ട് നിയമിച്ചത് 9000 ജീവനക്കാരെ. 5000 ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ള കണക്കാണ് ഇത്. കൂടാതെ ജീവനക്കാരുടെ ശരാശരി പ്രായം 54 വയസ്സിൽ നിന്ന് 35 വയസ്സായി കുറഞ്ഞതായി എയർ ഇന്ത്യ ചീഫ് കാംബെൽ വിൽസൺ പറഞ്ഞു,
ടാറ്റ ഗ്രൂപ്പിൻറെ പക്കലെത്തിയോടെ എയർ ഇന്ത്യയിൽ നിരവധി പരിഷ്കാരങ്ങളാണ് വന്നത്. ഇതിന്റെ ഭാഗമായി എയർലൈനിൻ്റെ ആഭ്യന്തര വിപണി വിഹിതം 2023 സാമ്പത്തിക വർഷത്തിൽ നിന്നും 2024 ലെത്തിയപ്പോൾ 27 ശതമാനം ഉയർന്നു. കൂടാതെ കമ്പനിയുടെ അന്താരാഷ്ട്ര വിപണി വിഹിതം 21 ശതമാനത്തിൽ നിന്ന് 24 ശതമാനമായി ഉയർന്നതായി കാംബെൽ വിൽസൺ പറഞ്ഞു,
Also Read:മിന്നും വളര്‍ച്ചയുമായി ഇന്ത്യയിലെ ടോപ്പ് ബ്രാന്‍ഡുകള്‍
ടാറ്റ സൺസിൻറെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ടാറ്റ ഗ്രൂപ്പിൻറെ എയർലൈൻ ബിസിനസിൻറെ നഷ്ടം മുൻ സാമ്പത്തിക വർഷത്തെ 15,414 കോടി രൂപയിൽ നിന്ന് 6,337 കോടി രൂപയായി കുറഞ്ഞു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ടാറ്റ എസ്ഐഎ എയർലൈൻസ് (വിസ്താര), എഐഎക്സ് കണക്ട് (എയർ ഏഷ്യ ഇന്ത്യ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2022ലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയത്. 2024 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന ഏകീകൃത വരുമാനമായ 51,365 കോടി രൂപ കൈവരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 24% കൂടുതലാണിത്. കമ്പനിയുടെ ലഭ്യമായ സീറ്റ് കിലോമീറ്റർ കപ്പാസിറ്റി 105 ബില്യണായി വർധിച്ചു. പാസഞ്ചർ ലോഡ് ഫാക്ടർ 85% ആയും ഉയർന്നു.
വിസ്താര ബ്രാൻഡ് പ്രവർത്തിപ്പിക്കുന്ന ടാറ്റ എസ്ഐഎ എയർലൈൻസ് വരുമാനം 29% വളർച്ചയോടെ 2023-24 സാമ്പത്തിക വർഷത്തിൽ 15,191 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ നഷ്ടം 1,394 കോടി രൂപയിൽ നിന്ന് 581 കോടി രൂപയായി കുറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പങ്ക് വച്ച കണക്കുകൾ പ്രകാരം ജൂലൈ അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 28.8% എയർ ഇന്ത്യ ഗ്രൂപ്പിൻറെ നിയന്ത്രണത്തിലാണ്. 2027 ആകുമ്പോഴേക്കും ആഭ്യന്തര വിപണിയുടെ 30% പിടിച്ചെടുക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.