തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ നിന്നും കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റില്‍. പനവൂര്‍ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനെ (23) ആണ് കഞ്ചാവ് ചെടികളുമായി പിടികൂടിയത്. പോളിത്തീന്‍ കവറില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രണ്ട് മാസമായി ഷെഹീന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍വാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് അടി ഉയരത്തില്‍ വളര്‍ന്ന ചെടിയാണ് പിടികൂടിയത്. കുറച്ച് നാള്‍ മുമ്പ് ബൈക്കില്‍ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പൊലീസ് പിടികൂടിയിരുന്നു.
രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ ഈ വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡാന്‍സാഫ് ടീം രഹസ്യമായി അന്വേഷണം നടത്തിയപ്പോള്‍ ഈ വീട്ടില്‍ ചെറുപ്പക്കാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി മനസിലാക്കി. തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഈ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് എക്‌സൈസ് സംഘമെത്തി കഞ്ചാവ് ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പൊലീസ് നടപടി പൂര്‍ത്തിയാക്കി ഷെഹീനെയും അറസ്റ്റ് ചെയ്തു. ചെടികള്‍ പിടിച്ചെടുത്തു.