ബംഗാളില്‍ മോഷ്ടാവെന്ന് സംശയിച്ച് 50 വയസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബംഗാളില്‍ മോഷ്ടാവെന്ന് സംശയിച്ച് 50 വയസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ബംഗാളില്‍ മോഷ്ടാവെന്ന് സംശയിച്ച് 50 വയസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഭംഗറില്‍ മോഷ്ടാവെന്ന് സംശയിച്ച് 50 വയസുകാരനെ തല്ലിക്കൊന്നു. അസ്ഗര്‍ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസിന്റെ അധികാരപരിധിയില്‍ വരുന്ന ഭംഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശവാസികള്‍ ഇയാള്‍ മദ്യലഹരിയിലാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭംഗര്‍ ബസാറില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രാത്രി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ 4.30ഓടെ കൊലപാതകം നടന്നെന്നാണ് കരുതുന്നത്. ആളെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ലെന്ന് ആക്ഷേപമുണ്ട്.

‘മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ ഒരു നിയമം തയാറാക്കി. അത് ജഗദീപ് ധന്‍കര്‍ ഗവര്‍ണറായിരിക്കെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചതാണ്. ഇപ്പോള്‍ ബില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിന്റെ പക്കലുണ്ട്.’- ടിഎംസി നേതാവ് ജോയ് പ്രകാശ് മജുംദാര്‍ പറഞ്ഞു.

ബംഗാളിലെ അഞ്ച് ജില്ലകളില്‍ അടുത്ത കാലത്ത് ആള്‍ക്കൂട്ട കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Top