അമേരിക്കയിലെ ടെക്സസില്‍ ഹനുമാന്‍റെ 90 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. രാമായണത്തില്‍ രാമനെയും സീതയേയും ഒന്നിപ്പിച്ചു എന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് പ്രതിമയ്ക്ക് പേര് നല്‍കിയത്.
ഷുഗര്‍ ലാന്‍ഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ശക്തിയുടെയും ഭക്തിയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമായിരിക്കും പ്രതിമയെന്ന്, പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ ആത്മീയ ആചാര്യന്‍ചിന്ന ജീയര്‍ സ്വാമി പറയുന്നു. വടക്കേ അമേരിക്കയിലെ ഹനുമാന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
305 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടിയാണ് യുഎസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. ഫ്ലോറിഡയിലെ ഗൾഫ്സ്ട്രീം പാർക്കിലെ 110 അടിയുള്ള പെഗസസ് ആൻഡ് ഡ്രാഗൺ പ്രതിമ ആണ് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ. പ്രതിമയുടെ അനാച്ഛാദന പരിപാടിയോടനുബന്ധിച്ച ആഘോഷപരിപാടികള്‍ ഓഗസ്റ്റ് 15നാണ് ആരംഭിച്ചത്. 18നായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിനെത്തിയത്.