വയനാട്: ദുരന്തത്തിൽ കൈ മെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവരെ അഭിനന്ദിച്ച് മോഹൻലാൽ. വാക്കുകൾക്ക് അതീതമാണ് അവരുടെ പ്രവർത്തനം. രക്ഷാപ്രവർത്തകരുടെ അർപ്പണബോധത്തിന് ബിഗ് സല്യൂട്ട് എന്ന് താരം എക്സിൽ കുറിച്ചു.
”വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ പ്രവർത്തിക്കുന്ന നിസ്വാർഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുന്നിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്” മോഹൻലാൽ കുറിച്ചു.
നാലാം ദിവസവും മുണ്ടക്കൈയിൽ തിരച്ചിൽ തുടരുമ്പോൾ 323 പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്. 107 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 279 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു.100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 96 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. വയനാട്ടിൽ 91 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റി.