കോഴിക്കോട്: എടവണ്ണപ്പാറ റൂട്ടില്‍ ഓടുന്ന ബസിന് മുകളില്‍ വലിയ മരം വീണാണ് അപകടമുണ്ടായത്. സംഭവത്തില്‍ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. മുബാറക്ക് ബസ് കണ്ടക്ടര്‍ ജിഷ്ണുവിനാണ് പരിക്കേറ്റത്. വര്‍ഷങ്ങളായി നാട്ടുകാര്‍ മുറിക്കണമെന്ന് ആവശ്യപ്പെടുന്ന മരമാണ് ഇന്ന് കാലത്ത് പെയ്ത കനത്ത മഴയില്‍ റോഡില്‍ കുറുകെ വീണത്. എടവണ്ണപ്പാറയില്‍ നിന്ന് രാമനാട്ടുകര വഴി കോഴിക്കോട് പോകുന്ന മുബാറക്ക് ബസിന് മുകളിലാണ് മരം വീണത്. ബസ് തൊട്ടുമുന്നിലായി ഡ്രൈവറുടെ സീറ്റിന് ചാരിയാണ് മരം വീണത്. ഇതോടെ ബസ് സഡന്‍ ബ്രേക്ക് ഇടുകയും ചില്ലുകള്‍ പൊട്ടി ചെറിയ പരിക്കുകള്‍ ചിലര്‍ക്ക് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഉടന്‍തന്നെ സ്ഥലത്തെത്തിയ വാഴക്കാട് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം താലൂക്ക് ദുരന്തനിവാരണ സേന ടിഡിആര്‍എഫ് വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് മരം മുറിക്കല്‍ ആരംഭിച്ചു. വലിയ മരം ആയതിനാല്‍ മുക്കത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയാണ് മരം മുഴുവനായി മുറിച്ചു നീക്കിയത്. പിന്നാലെ റോഡ് ശുചീകരിച്ചു. പ്രദേശത്ത് പാര്‍ക്ക് ചെയ്ത കാറിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുക്കം ഫയര്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെയും ടിഡിആര്‍എഫ് ചീഫ് കോഡിനേറ്റര്‍ ഉമറലി ശിഹാബിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയത്.