കൊച്ചി: പെട്ടിക്കടയ്ക്ക് 2,12,872 രൂപ വാടക കുടിശിക അടയ്ക്കണമെന്ന നോട്ടീസില്‍ കിട്ടിയെന്നുള്ള പരാതിയില്‍ മന്ത്രിയുടെ ഇടപെടല്‍. കൊച്ചി കോര്‍പ്പറേഷന്‍ ഡിവിഷന്‍ 67 മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലെ പെട്ടിക്കടയുടെ വാടക കുടിശിക ഒഴിവാക്കി തരണമെന്ന അപേക്ഷയുമായാണ് കോമ്പാറ തണ്ടാശ്ശേരി പറമ്പില്‍ ദേവകി അച്യുതന്‍ തദ്ദേശ അദാലത്തില്‍ എത്തിയത്.
2016 മുതല്‍ 2023 വരെ ആരോഗ്യ പ്രശ്‌നങ്ങളാല്‍ കട തുറക്കാന്‍ സാധിച്ചിരുന്നില്ല. ഈ കാലയളവിലെ വാടക പിഴപ്പലിശയും ജിഎസ്ടിയും ഉള്‍പ്പെടെ 2,12,872 രൂപ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടും ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കിതരണമെന്നും ബാക്കി തുക ഗഡുക്കളായി അടച്ചുതീര്‍ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദേവകി അദാലത്തിലെത്തിയത്.
അദാലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ദേവകിയോട് പരാതികള്‍ വിശദമായി ചോദിച്ചറിയുകയും ലഭ്യമായ വിധത്തില്‍ എല്ലാവിധ സഹകരണങ്ങളും ഉറപ്പുനല്‍കി. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വിഷയം പരിഗണിച്ച് ഉചിതമായ ഇളവുകള്‍ അനുവദിക്കുകയും ആവശ്യമെങ്കില്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ ഇടപെട്ട് സമയ ബന്ധിതമായി പ്രശ്‌നത്തിന് പരിഹാരം കാണാനും മന്ത്രി കൊച്ചി കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.