മോദി സര്‍ക്കാരിന്റെ കിങ് മേക്കേഴ്‌സിനു വേണ്ടിയുള്ള പ്രീണന ബജറ്റാണ് ഇത്തവണത്തേത്. മോദിയെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നതിന്റെ തെളിവ് കൂടിയാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. സഖ്യകക്ഷികളെ പിണക്കിയാല്‍ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രിക്കസേരയ്ക്ക് ഇളക്കം തട്ടുമെന്ന വ്യക്തമായ ധാരണയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റ് കൂടിയാണിത്. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന ഘടകക്ഷികളായ ടിഡിപി യെയും ജെഡിയു വിനെയും തൃപ്തിപ്പെടുത്തേണ്ടത് മോദി സര്‍ക്കാരിന്റെ ആവശ്യം കൂടിയാണ്. ഇതൊക്കെ പരിഗണിച്ചാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിന് നന്ദി അറിയിച്ചുകൊണ്ട് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ ആന്ധ്രാ പ്രദേശിനും ബിഹാറിനും നേട്ടങ്ങള്‍ കൈനിറയെയാണ്. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും കൂടെ നിര്‍ത്തിയതിന്റെ നന്ദി സൂചകമായ ബജറ്റ് അവതരണത്തിന് കൂടിയാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിനായി 15,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അമരാവതിയുടെ വികസനത്തിനായി പ്രത്യേക ധനസഹായം നല്‍കാനും ധാരണയുണ്ട്. പോളവാരം ഇറിഗേഷന്‍ പദ്ധതിക്കും പണം വകയിരുത്തിയിട്ടുണ്ട്. കൂടാതെ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രയിലെ മൂന്ന് ജില്ലകളിലെ പിന്നാക്ക മേഖലകള്‍ക്കും പ്രത്യേക ഗ്രാന്‍ഡ് അനുവദിച്ചിട്ടുണ്ട്.
ബിഹാറിന്റെ ദീര്‍ഘകാല ആവശ്യമാണ് പ്രത്യേക സംസ്ഥാന പദവി. ആന്ധ്രയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക പദവിക്ക് സാങ്കേതിക തടസ്സങ്ങള്‍ ഏറെയാണ്. പ്രത്യേക പദവി നല്‍കിയില്ലെങ്കിലും ഇരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പാക്കേജുകള്‍ കൈനിറയെ സമ്മാനിച്ചിട്ടുണ്ട്. നിതീഷ് കുമാറിനെ കേന്ദ്രം അവഗണിക്കുന്നു എന്ന വിലയിരുത്തലുകളെ കാറ്റില്‍ പറത്തുന്നതാണ് ബജറ്റിലെ ബിഹാറിനോടുള്ള അനുഭാവച്ചൊരിയല്‍. ബിഹാറിനായുള്ള പ്രത്യേക പദ്ധതിക്ക് പൂര്‍വോദയ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പുതിയ വിമാനത്താവളവും, മെഡിക്കല്‍ കോളേജും യാഥാര്‍ഥ്യമാകുമ്പോള്‍ ഹൈവേ വികസനത്തിന് മാത്രം 26,000 കോടിയും, പ്രളയ സഹായ പാക്കേജായി 11,500 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുല്‍ പോസ്റ്റല്‍ പേമെന്റ് ബാങ്കുകളും, കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍വോദയ പദ്ധതിയും നടപ്പാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായ ബിഹാറിലെ ഗയയില്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിക്കും തുക വകയിരുത്തി. ഗംഗാ നദിക്ക് കുറുകെ രണ്ടുവരി മേല്‍പ്പാലവും പ്രഖ്യാപിച്ചിട്ടുണ്ട്.
ബജറ്റിലൂടെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും തങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങളിലേക്കുള്ള ചുവടുവയ്പുകളാണ് നടത്തിയതെന്ന് വേണം കരുതേണ്ടത്. സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എന്ന ആവശ്യത്തില്‍ നിരാശരായ നിതീഷിനെയും നായിഡുവിനെയും ബജറ്റിലൂടെ സന്തോഷിപ്പിച്ചു എന്നുവേണം കരുതാന്‍.
EXPRESS VIEW