നെയ്യാറ്റിൻകര: വ്യാപാരിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂർ വണ്ടന്നൂർ പരഡൈസ് വീട്ടിൽ വിനോദ് കുമാർ(43), കാരക്കോണം കുന്നത്തുകാൽ വണ്ടിത്തടം ആലക്കോട്ടുകോണം ആൻറണി ഭവനിൽ ആൻറണി എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ ജങ്ഷനിൽ സ്റ്റോർ നടത്തുന്ന രാജനെയാണ് ക്വട്ടേഷൻ സംഘം ആക്രമിച്ചത്. രാത്രി 11 മണിയോടെ കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് പ്രതികൾ ആക്രമണം നടത്തിയത്. തുടർന്ന് രാജൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
നെയ്യാറ്റിൻകര പൊലീസ് സി.സി.ടി.വി, ഫോൺ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒരാഴ്ച മുമ്പ് അരുവിക്കര സ്വദേശി രഞ്ജിത്ത് (34), കല്ലറ പാങ്ങോട് സ്വദേശി സാം (29), നെടുമങ്ങാട് മഞ്ച സ്വദേശി സുബിൻ (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.