തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജോയിയുടെ മരണം ദാരുണമായ സംഭവമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍, മനഃപൂര്‍വ്വമായ നരഹത്യയാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്റെ മിസ് മാനേജ്‌മെന്റിന്റെ ഇരയാണ് ജോയി. അതുകൊണ്ടുതന്നെ മേയര്‍ക്കെതിരെ കേസെടുക്കണം. മനഃപൂര്‍വമായ നരഹത്യക്ക് മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
റെയില്‍വേയെ പഴിചാരി ഒളിച്ചോടാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോര്‍പറേഷന് ഗുരുതരമായ വീഴ്ചയുണ്ടായെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മഴക്കാലത്തിന് മുന്നോടിയായി ശുചീകരണം നടന്നില്ലെന്നും വിമര്‍ശനം ഉന്നയിച്ചു. ജോയിയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. റെയില്‍വേയും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.