കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ പോസ്റ്റിനെതിരെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ നല്‍കിയ പരാതിയില്‍ ഒടുവില്‍ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസില്‍ പരാതി നല്‍കിയത്. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. ഇയാള്‍ക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ന്യൂമാഹി പൊലീസ് ലീഗ് പ്രവര്‍ത്തകനെതിരെയും കേസെടുത്തിരുന്നു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്. ശൈലജക്കെതിരെ മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അംഗവുമായ ഇസ്ലാമിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. മുസ്ലിം സമുദായത്തെ ആകെ അധിക്ഷേപിക്കുന്ന വിധത്തില്‍ ശൈലജയുടെ പേരില്‍ ഇയാള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു, കലാപാഹ്വാനം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.