CMDRF

ബാങ്കില്‍ നിന്ന് 26.4 കിലോ സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

ബാങ്കില്‍ നിന്ന് 26.4 കിലോ സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍
ബാങ്കില്‍ നിന്ന് 26.4 കിലോ സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ.മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്നാണ് പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി.

തെലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പോലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട്. തെലങ്കാനയില്‍ വച്ച് മറ്റൊരു അടിപിടി കേസില്‍ മധ ജയകുമാറിനെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തി എന്ന വിവരം തെലങ്കാന പൊലീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ വടകര പാെലീസിനെവിവരം അറിയിക്കുകയായിരുന്നു.

കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയാണ് മധാ ജയകുമാര്‍. ഇയാൾ കടത്തിയതെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. തട്ടിപ്പില്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസം മധാ ജയകുമാര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്, പ്രത്യേകിച്ച്, സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ച്. ഈ സ്ഥാപനത്തിന് ബാങ്കിന്റെ വടകര ശാഖയുമായി ഇടപാടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6 വരെ 42 പണയങ്ങളില്‍ തട്ടിപ്പ് നടത്തിയെന്നാണ് മധ ജയകുമാറിനെതിരെയുള്ള കേസ്.26 കിലോ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് മധ ജയകുമാര്‍ 17 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയപ്പെടുത്തിയ സ്വര്‍ണമാണ് മധ ജയകുമാര്‍ തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം. സാധാരണക്കാര്‍ പണയപ്പെടുത്തിയ സ്വര്‍ണം നഷ്ടമായിട്ടില്ല.

Top