CMDRF

പത്താം ക്ലാസുകാരനെ സഹപാഠി കുത്തിയ കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍

പത്താം ക്ലാസുകാരനെ സഹപാഠി കുത്തിയ കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍
പത്താം ക്ലാസുകാരനെ സഹപാഠി കുത്തിയ കേസ്; അസാധാരണ നടപടിയുമായി സര്‍ക്കാര്‍

ഉദയ്പുര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ പത്താം ക്ളാസ്സുകാരനെ സഹപാഠി കുത്തിയ കേസില്‍ അസാധാരണ നടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. കുട്ടിയുടെ വീട് അനധികൃത നിര്‍മാണമെന്നാരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഉദയ്പൂരിലെ മധുബന്‍ പ്രദേശത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് പത്താം ക്ളാസുകാരനായ കുട്ടിക്ക് സഹപാഠിയുടെ കുത്തേറ്റത്. ഹോംവര്‍ക്കിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കാരണമെന്നാണ് നിഗമനം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. ഇതിനിടെ കുട്ടി മരിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രദേശത്ത് വലിയ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

വ്യാപക അക്രമം അഴിച്ചുവിട്ട അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ ജില്ലാ ഭരണകൂടം ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ നിര്‍ബന്ധിതരായി. ജില്ലയില്‍ സ്‌കൂളുകള്‍ അടയ്ക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നും നിര്‍ദേശം നല്‍കി.

ഇതിനിടെയാണ് കുത്തിയ കുട്ടിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കാന്‍ ഉത്തരവുണ്ടായത്. അനധികൃത നിര്‍മാണം എന്നാരോപിച്ചായിരുന്നു കെട്ടിടം പൊളിച്ചുനീക്കിയത്. വന്‍ പോലീസ് സന്നാഹത്തില്‍ നടന്ന ബുള്‍ഡോസര്‍ നടപടിക്ക് മുന്‍പായി കുട്ടിയുടെ കുടുംബത്തിനോട് വീട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

Top