കോഴിക്കോട്: കുഞ്ഞിന്റെ നാവിന് ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും ആറാം വിരല്‍ നീക്കുന്നതിന് പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നും മാതാവ്. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തള്ളി പെണ്‍കുട്ടിയുടെ മാതാവ്. ഒരു കുട്ടിയ്ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും മാതാവ് പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് പ്രിന്‍സിപ്പലിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. കുട്ടിയുടെ നാവിന് പ്രശ്നങ്ങള്‍ കണ്ടു. എങ്കില്‍ തന്നെയും അത് ശസ്ത്രക്രിയയ്ക്ക് മുന്നേ വാക്കാല്‍ എങ്കിലും ബന്ധുക്കളെ അറിയിക്കണമായിരുന്നുവെന്നും അത് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായില്ല, അത് ഗുരുതര വീഴ്ചയാണെന്നാണ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട്. അനുഭവ പരിചയമുള്ള ഡോക്ടര്‍ എന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. അദ്ദേഹം ഇത്രനാള്‍ നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുഞ്ഞിന്റെ നാവിന് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും, നന്നായി സംസാരിക്കുന്ന കുഞ്ഞായിരുന്നുവെന്നും മാതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായില്‍ പഞ്ഞിയുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നീട് കൈയില്‍ ആറാം വിരല്‍ ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്. ശസ്ത്രക്രിയ ചെയ്ത ഡോ ബിജോണ്‍ ജോണ്‍സനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടര്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.