ദുബായ്: എമിറേറ്റിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നാട് ചുറ്റിക്കാണാന്‍ ഒരുസുവര്‍ണ്ണാവസരം. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയാണ് ഈ അവസരം ഒരുക്കുന്നത്. ഇതിനായി ആര്‍ടിഎ ദുബായിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ് (ഓണ്‍ ആന്‍ഡ് ഓഫ്) സെപ്റ്റംബര്‍ മാസത്തില്‍ റോഡിലിറങ്ങും. നഗരത്തിന്റെ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാന്‍ താമസക്കാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താന്‍ സാധിക്കുമെന്നതാണ് സര്‍വീസിന്റെ പ്രത്യേകത. ദുബായ് മാളില്‍ നിന്ന് ആരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍, ഗോള്‍ഡ് സൂക്ക്, ദുബായ് മാള്‍, ലാ മെര്‍ ബീച്ച്, ജുമൈറ മോസ്‌ക്, സിറ്റി വാക്ക് എന്നിങ്ങനെ ദുബായിലെ എട്ട് പ്രധാന ആകര്‍ഷണങ്ങളും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളും യാത്രക്കാര്‍ക്ക് സന്ദര്‍ശിക്കുകയും ആസ്വദിക്കുകയും ചെയ്യാം. ‘ഓണ്‍ ആന്‍ഡ് ഓഫ്’ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസില്‍ ഇഷ്ടമുള്ള സ്ഥലത്തിറങ്ങി കാഴ്ചകള്‍ ആസ്വദിക്കാനും അടുത്ത ബസില്‍ കയറി അടുത്ത സ്ഥലത്തേക്ക് പോകാനും സാധിക്കും.
ഓണ്‍ & ഓഫ് ബസ് ദുബായ് മാളില്‍ നിന്ന് പുറപ്പെടുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ സര്‍വീസുണ്ടാകും. മണിക്കൂറില്‍ ഓരോ ബസ് വീതം ദുബായ് മാളില്‍ നിന്ന് പുറപ്പെടുമെന്ന് ആര്‍ടിഎയുടെ പ്രസ്താവനയില്‍ അറിയിച്ചു. 35 ദിര്‍ഹമാണ് ഒരാള്‍ക്ക് നിരക്ക് ഈടാക്കുക. ആകെ രണ്ടു മണിക്കൂറാണ് യാത്രയുടെ സമയം.
ദുബായുടെ സംയോജിത പൊതുഗതാഗത ശൃംഖലയുടെ മാതൃകയായ അല്‍ ഗുബൈബ മെട്രോ, ബസ്, മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷന്‍ എന്നിവയ്ക്ക് പുറമെ എട്ട് ലാന്‍ഡ്മാര്‍ക്കുകളിലൂടെ ഒമ്പത് സ്റ്റോപ്പുകളിലൂടെ ബസ് കടന്നുപോകുമെന്ന് ആര്‍ടിഎയിലെ പൊതുഗതാഗത ഏജന്‍സി സിഇഒ അഹമ്മദ് ബഹ്രോസിയന്‍ പറഞ്ഞു. യുഎഇയുടെ സുരക്ഷ, ലോകോത്തര സേവനങ്ങള്‍, എല്ലാ മേഖലകളിലെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാല്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും നിക്ഷേപകരുടെയും ദുബായിലേക്കുള്ള വരവ് വര്‍ധിച്ചിട്ടുണ്ടെന്ന് അഹമ്മദ് ബഹ്രോസിയന്‍ കൂട്ടിച്ചേര്‍ത്തു.